തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ഒ.പി വിഭാഗത്തിലെത്തുന്ന രോഗികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി പരിഹാരം കാണുന്നതിനായി വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

ഒ.പിയിലെത്തുന്ന രോഗികളുടെ അനുഭവവും ദുരിതവും വ്യക്തമാക്കി കഴിഞ്ഞ ദിവസം കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച 'ജനറൽ ആശുപത്രിയിലെ ഒ.പിക്ക് വേണം പ്രാഥമിക ചികിത്സ' എന്ന വാർത്തയെ തുടർന്നാണ് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സൺ ബൈജുനാഥിന്റെ നടപടി. ആശുപത്രി സൂപ്രണ്ടിനോട് ഇതുസംബന്ധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു. ആയിരക്കണക്കിന് രോഗികൾ പ്രതിദിനം ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ ഒ.പി ടിക്കറ്റെടുക്കുന്നതിന് ടോക്കൺ സംവിധാനമില്ലാത്തതിനാൽ പുലർച്ചെ രണ്ട് മുതലെത്തുന്ന രോഗികൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. തിരുവനന്തപുരത്തെ കമ്മിഷന്റെ അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.