kk

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയപാത 66മായി ബന്ധിപ്പിക്കുന്നതിനായി ക്ലോവർ ലീഫ് മാതൃകയിൽ റോഡ് വികസിപ്പിക്കുന്ന പദ്ധതി ദേശീയപാത അതോറിട്ടി തയ്യാറാക്കി സർക്കാരിന്റെ പരിഗണനയ്ക്ക് അയച്ചു. നിർദ്ദിഷ്ട റെയിൽ ലൈനിനായി സ്ഥലം പങ്കിടുന്ന വിധത്തിലാണ് പദ്ധതിക്ക് 300 കോടിയോളം രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷ.

ചെന്നൈയിലെ കത്തിപ്പാറ,കോയംപേട്,ക്ലോവർ ലീഫ് റോഡ് വികസന പദ്ധതികളുടെ മാതൃകയിൽ നിർമ്മിക്കുകയാണ് ലക്ഷ്യം. കത്തിപ്പാറയോളം വലിയ പദ്ധതിയല്ല വിഴിഞ്ഞത്തിനായി തയ്യാറാക്കിയിരിക്കുന്നത്. നാലു വളയങ്ങൾ ചേരുന്ന വിധത്തിൽ റോഡും ഫ്ലൈഓവറും ചേരുന്ന നിർമ്മാണമാണ് ക്ലോവർ ലീഫ്. റോഡ് വികസനത്തിന് ഏകദേശം 20 ഏക്കർ സ്ഥലം വേണ്ടിവരും. നിലവിൽ റോഡിനായി ഏറ്റെടുത്തതിനു പുറമെ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരും. നടപ്പിലായാൽ സംസ്ഥാനത്തെ ആദ്യ ക്ലോവർ ലീഫ് റോഡാകുമിത്.

സിഗ്നലുകളുടെ ആവശ്യമില്ലാതെ സ്വതന്ത്രമായ വാഹനനീക്കം സാദ്ധ്യമാക്കുന്നതാണിത്. തുറമുഖത്ത് നിന്നുള്ള റോഡിനെ ദേശീയപാതയുമായി നിർദ്ദിഷ്ട ഔട്ടർ റിംഗ് റോഡുമായും ബന്ധപ്പെടുത്തുന്ന തരത്തിലാണ് രൂപരേഖ. ബൈപ്പാസിലെ ഗതാഗതത്തെ ബാധിക്കാതെ തുറമുഖ റോഡിൽ നിന്നുള്ള വാഹനങ്ങൾക്ക് ഇരുഭാഗത്തേക്കും യാത്ര ചെയ്യുന്നതിന് പുതിയ സംവിധാനം സൗകര്യമൊരുക്കും. വിഴിഞ്ഞത്തു നിന്നു ബാലരാമപുരം വരെ നീളുന്ന 10.7 കിലോമീറ്റർ നീളമുള്ള തുരങ്ക റെയിൽപാതയെ ക്ലോവർ ലീഫ് റോഡിന് സമീപമെത്തിക്കാനും നിർദ്ദേശമുണ്ട്.

റോഡ് നിർമ്മാണം ഇതുവരെ

തുറമുഖ കവാടത്തിൽ നിന്നു ബൈപ്പാസ് വരെ ഏകദേശം 1.7 കിലോമീറ്റർ

ദൈർഘ്യം വരുന്ന റോഡിലെ രണ്ടു പാലങ്ങൾ ഏതാണ്ട് പൂർത്തിയായി.

പകുതി ഭാഗത്തോളം റോഡിന്റെ രൂപരേഖയായി

10.7 കിലോമീറ്റർ റെയിൽപാതയിൽ 9 കിലോമീറ്ററും ഭൂമിക്കടിയിലൂടെ.

സർവേ പൂർത്തിയായി മറ്റ് നടപടികൾ പുരോഗമിക്കുന്നു

പദ്ധതിക്ക് വകയിരുത്തിയത് 1200 കോടി രൂപ

ഏറ്റവും മികച്ച ക്ലോവർ ലീഫ്

കത്തിപ്പാറയിലേത്

ചെന്നൈ നഗര കേന്ദ്രത്തിൽ നിന്നും 13.6 കിലോമീറ്റർ അകലെയുള്ള കത്തിപ്പാറയിലെ ക്ലോവർ ലീഫ് റോഡ് ഇന്ത്യയിലെ ഏറ്രവും മികച്ച റോഡ് നിർമ്മിതിയാണ്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ക്ലോവർ ലീഫ് റോഡ് നിർമ്മിതിയും ഇതുതന്നെ. ഗ്രാൻഡ് സതേൺ ട്രങ്ക് റോഡ്,ഇന്നർ റിംഗ് റോഡ്,അണ്ണാ സാലൈ, മൗണ്ട്പൂനമല്ലി റോഡ് എന്നിവയിൽ നിന്നെല്ലാം ഇവിടേക്ക് പ്രവേശനമുണ്ട്. ഒരു റൗണ്ട് എബൗട്ട് ജംഗ്ഷനായിരുന്ന ഇവിടത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായിരുന്നു റോഡ് വികസിപ്പിച്ചത്. 486 കോടി രൂപ ചെലവിട്ട് 40,000 ചതുരശ്ര മീറ്ററിൽ നിർമ്മിച്ച റോഡ് 2008 ഏപ്രിൽ 9ന് ഗതാഗതത്തിനായി തുറന്നു.