തിരുവനന്തപുരം:കേന്ദ്രബഡ്ജറ്റിൽ സംസ്ഥാനത്തോട് കാട്ടിയ കടുത്ത അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയയ്ക്കുന്നതിനൊപ്പം പദ്ധതികളും വായ്പകളും നേടാനുള്ള നടപടികളിലേക്കും കടക്കും.
നിബന്ധനകൾ പാലിച്ചില്ലെന്ന് കാട്ടി പല പദ്ധതികളിലെയും വിഹിതം കേരളത്തിന് നിഷേധിച്ചിട്ടുണ്ട്.
കേന്ദ്രബഡ്ജറ്റിന്റെ പശ്ചാത്തലത്തിൽ ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല സമിതിയിലാണ് ഇക്കാര്യം ചർച്ചയായത്. സംസ്ഥാനത്തിന്റെ വീഴ്ച മൂലം കേന്ദ്രപദ്ധതികൾ നഷ്ടപ്പെടുകയോ,കിട്ടാൻ വൈകുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി കർശന നിർദേശം നൽകി.
സംസ്ഥാന താൽപര്യം സംരക്ഷിക്കുന്നതിന് സമയബന്ധിതമായി കൃത്യമായ നടപടികളെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചുവെന്നാണ് അറിയുന്നത്.
കിട്ടാൻ സാധ്യതയുള്ള കേന്ദ്രപദ്ധതികൾ ലിസ്റ്റ് ചെയ്യും.ഓരോ വകുപ്പിനും നേടിയെടുക്കാൻ കഴിയുന്നവ പ്രത്യേകം തയ്യാറാക്കി അതിനുള്ള വ്യവസ്ഥകൾ പാലിച്ച് യഥാസമയം അപേക്ഷിക്കാനും തുടർ നടപടികൾ സ്വീകരിക്കാനും ഗവ.സെക്രട്ടറിമാരെ ചുമതലപ്പെടുത്തും.
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായ പശ്ചാത്തലത്തിൽ അനുബന്ധ വ്യവസായങ്ങൾക്കും അടിസ്ഥാനസൗകര്യവികസനത്തിനും കേന്ദ്രസർക്കാരിന്റെ പലിശരഹിത വായ്പയായ കാപ്പക്സ് നേടിയെടുക്കാൻ യോഗത്തിൽ നിർദ്ദേശിച്ചു. ഇത്തവണ 11.11ലക്ഷം കോടിരൂപയാണ് ഈ ഇനത്തിൽ സംസ്ഥാനങ്ങൾക്കായി കേന്ദ്രബഡ്ജറ്റിൽ മാറ്റിവെച്ചിരിക്കുന്നത്.അൻപത് വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശയില്ലാത്ത വായ്പ രണ്ടുവർഷം മുമ്പാണ് കൊണ്ടുവന്നത്. ആദ്യവർഷം കേരളത്തിന് 1903കോടി കിട്ടിയിരുന്നു. വ്യവസ്ഥകൾ പാലിക്കാത്തതിനാൽ കഴിഞ്ഞ വർഷം കേരളത്തിന് ഒന്നും കിട്ടിയില്ല. കഴിഞ്ഞ വർഷം ആന്ധ്രയ്ക്കും കേരളത്തിനും മാത്രമാണ് കാപ്പക്സ് വായ്പ കിട്ടാതിരുന്നത്.
കേന്ദ്രപദ്ധതികൾ നേടിയെടുക്കാൻ എം.പി.മാരുടെ സേവനം പ്രയോജനപ്പെടുത്തി പാർലമെന്റിൽ സമ്മർദ്ദം ചെലുത്താൻ പ്രത്യേക മൊഡ്യൂളുകൾ തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. വിശദാംശങ്ങൾ എം.പിമാർക്ക് അതത് സമയം കൈമാറും.
വീഴ്ചകൾ പരിഹരിച്ച് ഏത് വിധേനയും സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനത മറികടക്കാനാവശ്യമായ കേന്ദ്രസഹായം നേടിയെടുക്കുകയാണ് ലക്ഷ്യം.