നെടുമങ്ങാട്: വർഷങ്ങളായി കൈയേറ്റക്കാരുടെ പിടിയിലമർന്നിരിക്കുന്ന തമ്പുരാട്ടിപ്പാറയിലെ കൈയേറ്റം റവന്യൂ വകുപ്പ് ഒഴിപ്പിച്ചുതുടങ്ങി. നെടുമങ്ങാട് താലൂക്കിലെ കുറുപുഴ വില്ലേജിൽ ബ്ലോക്ക് 14 -ൽ 113 / 6, 114/ 67, 115/ 3, 115/ 8, 116/ 1 എന്നീ സർവേ നമ്പരുകളിൽപ്പെട്ട 3.86 ഏക്കറിലെ കൈയേറ്റമാണ് നെടുമങ്ങാട് താലൂക്ക് ഭൂരേഖ തഹസിൽദാർ സജി.എസ്.കുമാറിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചത്. ഏറ്റെടുത്ത ഭൂമിയിൽ അനധികൃതമായി പ്രവേശിക്കുന്നത് ശിക്ഷാർഹമാണെന്ന ബോർഡും സ്ഥാപിച്ചു. കൈയേറ്റം സംബന്ധിച്ച് ജൂൺ ഒന്നിന് 'വാടാമലയിലെ തമ്പുരാട്ടി ' മാടിവിളിക്കുന്നു" എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വനം വകുപ്പും 'കൈയേറി''
സമുദ്രനിരപ്പിൽ നിന്ന് 2500 അടി ഉയരത്തിലുള്ള തമ്പുരാട്ടിപ്പാറയും കാവും സ്വകാര്യ വ്യക്തികളാണ് കൈയേറിയത്. പത്തേക്കറോളം വ്യാപിച്ചുകിടക്കുന്ന കാവിൽ പകുതിയിലേറെയും പാറക്കെട്ടുകളാണ്. വന്യജീവികളുടെ ആവാസ കേന്ദ്രമായ ഇവിടെ, സ്വാഭാവിക വനം വെട്ടിത്തെളിച്ച് അക്കേഷ്യ മരങ്ങൾ വ്യാപകമായി നട്ട് വനം വകുപ്പും കൈയേറ്റത്തിൽ പങ്കാളിയായി. താഴ്‌വാരത്ത് അധിവസിക്കുന്ന ആദിവാസികളുടെ കൃഷിയിടങ്ങൾ വന്യജീവികളും താവളമാക്കിയിട്ടുണ്ട്. പാറഖനന സംഘങ്ങൾ വാടാമലയ്ക്ക് മീതെ വട്ടമിടാൻ തുടങ്ങിയതോടെയാണ് കാവും അനുബന്ധ പ്രദേശങ്ങളും അളന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികൾ രംഗത്തുവന്നത്. താലൂക്ക് സർവേയറും ഒരു സെക്കൻഡ് ഗ്രേഡ് സർവേയറും ഉൾപ്പെട്ട ടീമിനെ പരിശോധനയ്ക്കും സർവേയ്ക്കുമായി 2023ൽ സർക്കാർ നിയമിച്ചെങ്കിലും ടോട്ടൽ സ്റ്റേഷൻ മെഷീൻ ഇല്ലെന്ന കാരണത്താൽ നടപടികൾ നിറുത്തി. ഭഗവതിക്കാവിലെ ആദ്യകാല പൂജാരി കളത്തിൽ കെ.വേലായുധന്റെ മകൻ ചെമ്പൻകോട് മണികണ്ഠൻ ഇതിനെതിരെ മുഖ്യമന്ത്രിയുടെ നവകേരള സദസിലും പരാതിപരിഹാര സെല്ലിലും ജില്ലാ കളക്ടർക്കും നിവേദനം സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. കുറുപുഴ വില്ലേജ് ഓഫീസർ എം.സി. കൃഷ്ണപ്രസാദ്, താലൂക്ക് സർവേയർ അനിൽ, താലൂക്കോഫീസ് ജീവനക്കാരായ ശ്രീജിത്ത്, താരിഷ്, ഷമീം, വില്ലേജോഫീസ് ജീവനക്കാരായ അശ്വതി എസ്.മോഹൻ, സുലേഷ്, ജയകുമാർ എന്നിവരും കൈയേറ്റം ഒഴിപ്പിക്കൽ ടീമിലുണ്ടായിരുന്നു.