തിരുവനന്തപുരം: പച്ചക്കറികടയിൽ നിന്ന് മാങ്ങ മോഷ്ടിച്ചതിന് പിരിച്ചുവിട്ട പൊലീസുകാരനെ തിരിച്ചെടുക്കില്ലെന്ന് ആഭ്യന്തര വകുപ്പ്. ഇടുക്കി എ.ആർ ക്യാമ്പിലെ സി,പി.ഒയായിരുന്ന കൂട്ടിക്കൽ സ്വദേശി പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെതിരെയാണ് നടപടി. 2022 സെപ്തംബർ 30ന് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ കെ.എം.വെജിറ്റബിൾസ് എന്ന മൊത്തവ്യാപാര കടയ്ക്ക് മുന്നിൽ ഇറക്കിവെച്ചിരുന്ന പെട്ടിയിൽ നിന്ന് 10 കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. സർവീസിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് റേഞ്ച് ഐജിക്ക് നൽകിയ അപേക്ഷ നിരസിച്ചിരുന്നു. ഷിഹാബിന്റെ ഭാര്യ നവകേരള സദസിൽ മുഖ്യമന്ത്രിക്ക് നേരിട്ട് അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ക്രിമിനൽ കേസുകളിൽപ്പെടുകയും റിമാൻഡ് തടവുകാരനാവുകയും ചെയ്തതിനാൽ ശിക്ഷ പുനഃപരിശോധിക്കില്ലെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിൽ വ്യക്തമാക്കി.