തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിമർശനത്തിന് പിന്നാലെ, വിദേശ സഹകരണം ഏകോപിപ്പിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥ ഡോ. കെ.വാസുകി ഇന്നലെ ചുമതലയേറ്റു.

സംസ്ഥാന സർക്കാരിന്റെ നടപടി കേന്ദ്രത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വിദേശകാര്യ വക്താവ് രൺദീപ് ജയ്‌സ്വാൾ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. അത് കണക്കിലെടുക്കാതെ, ഉന്നതതല നിർദേശത്തെ തുടർന്നാണ് വാസുകി വിദേശസഹകരണത്തിനുള്ള സെക്രട്ടറിയുടെ അധികച്ചുമതല ഏറ്റത്. വിദേശകാര്യ വിഷയങ്ങളിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കത്തിന് ഇതിടയാക്കിയേക്കും.

കേന്ദ്രാനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് വിദേശരാജ്യങ്ങളുമായോ ഏജൻസികളുമായോ കരാറുകളോ ഉടമ്പടികളോ ഒപ്പിടാനാവില്ല. താ​ത്‌​കാ​ലി​ക​ ​വി​ഷ​യ​ങ്ങ​ൾ​ക്ക​പ്പു​റ​മു​ള്ള​ ​കാ​ര്യ​ങ്ങ​ളി​ൽ​ വിദേശരാജ്യങ്ങളുടെ ഓഫീസുകളുമായോ പ്രതിനിധികളുമായോ സംസ്ഥാന സർക്കാരിന് ബന്ധം പാടില്ലെന്നാണ് കേന്ദ്രചട്ടം. സാ​മ്പ​ത്തി​ക​സ​ഹാ​യം​ ​സ്വീകരിക്കുന്നതിനും വിദേശ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിവേണം.

ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ ഒന്നാം പട്ടികയിലെ ( യൂണിയൻ ലിസ്റ്റ് ) പത്താം ഇനം പ്രകാരം വിദേശകാര്യവും വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്രത്തിന്റെ മാത്രം അധികാരത്തിലാണ്. വിദേശകാര്യം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ അധികാരമുള്ള കൺകറന്റ് ലിസ്റ്റിലോ സംസ്ഥാനങ്ങൾക്ക് മാത്രം അധികാരമുള്ള സ്റ്റേറ്റ് ലിസ്റ്റിലോ വരുന്ന വിഷയമല്ല. അതിനാൽ ഇതുസംബന്ധിച്ച സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിന് നിരസിക്കാം.