തിരുവനന്തപുരം.നഗരത്തിലെ റോഡുകൾ ഓണത്തിന് മുമ്പ് സ്‌മാർട്ടാകും. സ്‌മാർട്ട് സിറ്റി പദ്ധതിയിൽ കെ.ആർ.എഫ്.ബി നിർമിക്കുന്ന 12 റോഡുകളിൽ ആദ്യഘട്ട ടാറിംഗ് പൂർത്തിയാകാനുള്ളത് നാലിടത്ത് മാത്രമാണ്. ശേഷിക്കുന്ന എട്ട് റോഡുകളിലും കേബിൾ സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികൾ പുരോ​ഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. എം.ജി. രാധാകൃഷ്‌ണൻ റോഡിൽ (തൈക്കാട് ഹൗസ് - കീഴേതമ്പാനൂർ) ശാസ്താക്ഷേത്രം മുതൽ തൈക്കാട് ഹൗസ് വരെയുള്ള ശേഷിക്കുന്ന ഭാ​ഗത്തെയും ഫോറസ്റ്റ് ഓഫീസ് - ബേക്കറി ജംഗ്ഷൻ റോഡിലെയും നിർമ്മാണം അന്തിമഘട്ടത്തിലാണ്. വെ‍ള്ളയമ്പലം ആൽത്തറ മുതൽ ചെന്തിട്ട വരെയുള്ള സി.വി.രാമൻപിള്ള റോഡിൽ ഡിവൈഡറുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ആദ്യഘട്ട ടാറിംഗ് പൂർത്തിയായതിനാൽ ഗതാ​ഗതത്തിന് തടസമില്ല. ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള നാലുവരിപ്പാത, എൽ.ഇ.ഡി സ്‌ക്രീനുകൾ എന്നിങ്ങനെ അന്താരാഷ്ട്ര നിലവാരത്തിലാണ് ഈ റോഡിന്റെ നിർമാണം. ഇരുവശവും കൈവരിയോടുകൂടിയ നടപ്പാതയിൽ കാഴ്ചപരിമിതർക്ക് നടക്കാൻ സഹായിക്കുന്ന പ്രത്യേക തറയോടുകൾ പാകും. സൈക്കിൾ യാത്രികർക്കായി പ്രത്യേക പാതയുണ്ട്. കിള്ളിപ്പാലം - അട്ടക്കുളങ്ങര നാലുവരിപ്പാതയിൽ ഓട നിർമാണം പുരോ​ഗമിക്കുന്നു. 1.1 കിലോമീറ്റർ നീളത്തിലുള്ള ഓടയുടെ 80 ശതമാനവും പൂർത്തിയായി. വെള്ളക്കെട്ട് ഒഴിവാക്കാൻ ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശാനുസരണം വലിയ ഓട നിർമിക്കേണ്ടതിനാലാണ് റോഡ് പ്രവൃത്തി നീണ്ടത്. 731 മീറ്റർ നീളമുള്ള ഓവർബ്രിഡ്‌ജ്‌ - ഉപ്പിടാംമൂട് റോഡിന്റെ പകുതിയോളം ഇനി ടാർ ചെയ്യാനുണ്ട്. അതേസമയം,​ ബേക്കറി ജംഗ്‌ഷൻ - വത്സല നഴ്സിംഗ് ഹോം - ഫോറസ്റ്റ് ഓഫീസ് റോഡിന്റെ നിർമ്മാണം മന്ദഗതിയിലാണ്.