kseb

തിരുവനന്തപുരം:സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കുകയും സർക്കാർ ഇടപെട്ട് പുനഃസ്ഥാപിക്കുകയും ചെയ്ത ദീർഘകാല കരാർ പ്രകാരം സ്വകാര്യകമ്പനികൾ കെ.എസ്.ഇ.ബിക്ക് വൈദ്യുതി നൽകേണ്ടതില്ലെന്ന് കേന്ദ്ര വൈദ്യുതി അപ്പലേറ്റ് ട്രിബ്യൂണൽ വിധി.

കെ.എസ്.ഇ.ബി കരാർ റദ്ദാക്കിയതോടെ മറ്റ് സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെട്ടെന്നും പഴയ നിരക്കിൽ വീണ്ടും വൈദ്യുതി നൽകാൻ കഴിയില്ലെന്നുമുള്ള

കമ്പനികളുടെ വാദം ട്രിബ്യൂണൽ അംഗീകരിക്കുകയായിരുന്നു.

ഇതോടെ അടുത്ത വേനലിലെ വൈദ്യുതി കമ്മി പരിഹരിക്കാനാവശ്യമായ 465 മെഗാവാട്ട് വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് കണ്ടെത്തേണ്ടിവരും. 2023 മേയിൽ റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ കരാർ,വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് ഒക്ടോബറിൽ പുനഃസ്ഥാപിച്ചെങ്കിലും വിതരണം തുടങ്ങാൻ വിസമ്മതിച്ച കമ്പനികൾ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.

കരാറുകാരായ ജിൻഡാൽ പവർ ലിമിറ്റഡ്, ജിൻഡാൽ തെർമൽ പവർ ലിമിറ്റഡ്,ജാബുവ പവർ ലിമിറ്റഡ് തുടങ്ങിയ കമ്പനികളാണ് ട്രിബ്യൂണിലിനെ സമീപിച്ചത്. നിയമോപദേശം തേടിയശേഷം അപ്പീൽ അടക്കമുള്ള സാധ്യതകൾ ഉപയോഗിക്കാനാണ് സംസ്ഥാന വൈദ്യുതി വകുപ്പ് ആലോചിക്കുന്നത്.അത് നടന്നില്ലെങ്കിൽ വേനൽക്കാലത്തേക്ക് പുതിയ കരാറുണ്ടാക്കേണ്ടിവരുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

ജിൻഡാൽ,ജാബുവ തുടങ്ങിയ കമ്പനികളുടെ നിയന്ത്രണത്തിലുള്ള നാല് കമ്പനികളിൽ നിന്ന് 4.29രൂപ യൂണിറ്റിന് ശരാശരി നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി 25 വർഷത്തേക്ക് വാങ്ങാനുള്ള കരാർ 2015ലാണ് കെ.എസ്.ഇ.ബി. ഒപ്പുവെച്ചത്. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 2023 മേയ് 2 നാണ് സംസ്ഥാനവൈദ്യുതി റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത്. കമ്പനികൾ വൈദ്യുതി നൽകുന്നത് നിറുത്തി.ഇത് സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി കമ്മിയുണ്ടാക്കി. കേന്ദ്ര വൈദ്യുതി നിയമത്തിലെ 108ാം ചട്ട പ്രകാരം കരാർ പുനഃസ്ഥാപിക്കാൻ കമ്മിഷന് സർക്കാർ നിർദേശം നൽകി. ഒക്ടോബറിൽ റെഗുലേറ്ററി കമ്മിഷൻ കരാർ പുനഃ:സ്ഥാപിക്കാൻ അനുമതി നൽകി. എന്നാൽ കമ്പനികൾ വഴങ്ങിയില്ല.മഴയുളളതുകൊണ്ട് ഇപ്പോൾ വൈദ്യുതി പ്രതിസന്ധിയില്ലെങ്കിലും വേനലിൽ സ്ഥിതി മാറും.