തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേള അതിജീവനത്തിനായി പോരാടുന്ന പാലസ്തീൻ ജനതയ്ക്കുള്ള കേരളത്തിന്റെ ഐക്യദാർഢ്യമാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. 16ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള കൈരളി തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ബേഡി ബ്രദേഴ്സിന് മന്ത്രി നൽകി. ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ് , ക്യൂറേറ്റർ ആർ.പി.അമുദൻ എന്നിവർ പങ്കെടുത്തു. ഫെസ്റ്റിവൽ ബുക്ക് സാംസ്‌കാരിക വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ.ഖോബ്രഗഡെ ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്സൺ ഉർമി ജുവേക്കർക്ക് നൽകിയും ഡെയ്ലി ബുള്ളറ്റിൻ കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ നോൺ ഫിക്ഷൻ വിഭാഗം ജൂറി ചെയർമാൻ രാകേഷ് ശർമ്മയ്ക്കു നൽകിയും പ്രകാശിപ്പിച്ചു. തുടർന്ന് റൗൾ പെക്ക് സംവിധാനം ചെയ്ത 'ഏണസ്റ്റ് കോൾ: ലോസ്റ്റ് ആൻഡ് ഫൗണ്ട്' പ്രദർശിപ്പിച്ചു. 54 രാജ്യങ്ങളിൽനിന്നുള്ള 335 സിനിമകളാണ് ആറുദിവസത്തെ മേളയിൽ പ്രദർശിപ്പിക്കുന്നത്.