തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നവീകരിച്ച ആൽത്തറ - മേട്ടുക്കട റോഡിലെ പുതിയ ലൈനുകൾ ചാർജ് ചെയ്യുന്നതിനിടെ പഴയ പൈപ്പ് ലൈൻ പൊട്ടി. ഇതോടെ വഴുതക്കാട് തൈക്കാട് റോഡിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം വിതരണം പുനഃസ്ഥാപിക്കുന്നത് വൈകും. ലൈനുകൾ ചാർജ്ജ് ചെയ്യുന്നതിന്റെ ഭാഗമായി ഇന്നലെയും മിനിയാന്നും നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ കുടിവെള്ള വിതരണം നിറുത്തിവച്ചിരുന്നു. ഇതിൽ ഭൂരിഭാഗം ഭാഗങ്ങളിലും ഇന്നലെ വൈകിട്ടോടെ ജലവിതരണം പുനഃസ്ഥാപിച്ചു.
മാനവീയം വീഥിയിലാണ് പഴയ പ്രിമോ പൈപ്പാണ് പൊട്ടിയത്. ഇതോടെ കുടിവെള്ള വിതരണം പൂർണമായും സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പുതിയ ലൈനുകളിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഇതിന് കൂടുതൽ ദിവസം വേണ്ടിവരും. വഴുതക്കാട്, തൈക്കാട്, മേട്ടുക്കട വരെയുള്ള റോഡിന്റെ ഇരുഭാഗത്തുമുള്ള പ്രദേശങ്ങളിൽ ഭാഗികമായി കുടിവെള്ള വിതരണം വരും ദിവസങ്ങളിലും മുടങ്ങും. മാനവീയം വിഥയിൽ നേരത്തെ തന്നെ പൈപ്പ് പൊട്ടി വെള്ളം ചോർന്നിരുന്നതായി കരുതുന്നു. കഴിഞ്ഞ ദിവസം ചോർച്ചയുടെ ശക്തി കൂടി. ഇതോടെയാണ് ഈ പൈപ്പ് ലൈൻ പൂർണമായും ഒഴിവാക്കി പുതിയ ലൈനുകളിലേക്ക് മാറാൻ തീരുമാനിച്ചത്. പുതിയ പൈപ്പുകളിൽ ഇടറോഡുകളിലേക്ക് പോകുന്ന ചെറിയ പൈപ്പുകൾ ബന്ധിപ്പിക്കണം. വഴുതക്കാട് മുതൽ തൈക്കാട് ആശുപത്രി വരെയുള്ള ഭാഗത്താണ് ഇത് വേണ്ടിവരുന്നത്. പൊട്ടിയ പൈപ്പ് കൂടാതെ രണ്ട് പഴയ പൈപ്പുകൾ കൂടി ഈ ഭാഗത്തുണ്ട്. ഇതിലൂടെയുള്ള കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചിട്ടുണ്ട്‌.