തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളുന്നവരുടെ മുഖം ഉടൻ നഗരസഭയുടെ സ്‌ക്രീനിലും മേയറർ അടക്കമുള്ളവരുടെ മൊബൈലിലും തെളിയുന്ന സംവിധാനമൊരുങ്ങുന്നു. സ്‌മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകളിലും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചുതുടങ്ങി. 125 ക്യാമറകളാണ് ആകെ സ്ഥാപിക്കുക. ആദ്യഘട്ടമായി 35 ക്യാമറ ഉടൻ വയ്ക്കും. 10 എണ്ണം വ്യക്തികളുടെ മുഖം തിരിച്ചറിയാൻ കഴിയുന്ന എ.ഐ ക്യാമറകളാണ്. ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം ഇവ കോർപ്പറേഷനിലെ ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്ററുമായും പൊലീസിന്റെ കൺട്രോൾ സെന്ററുമായും ബന്ധിപ്പിച്ച് 24 മണിക്കൂറും നിരീക്ഷിക്കും.
മാലിന്യസംസ്‌കരണ പദ്ധതിയിൽ ഉൾപ്പെടുത്തി എം.സി.എഫുകളിൽ വേസ്റ്റ് ബിൻ സെൻസർ ഘടിപ്പിക്കാനും തീരുമാനമുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ കനകനഗറിൽ ആദ്യം പദ്ധതി നടപ്പാക്കും. എം.സി.എഫുകളിൽ സെൻസറുകൾ സ്ഥാപിക്കുന്നത് വഴി ഇത് നിറയുമ്പോൾ മാലിന്യമെടുക്കുന്ന അംഗീകൃത വാഹനങ്ങളിലേക്ക് സിഗ്നലെത്തും. എം.സി.എഫിന്റെ ഏറ്റവും അടുത്തുള്ള വാഹനത്തിന് ഇവിടെയെത്തി മാലിന്യം ശേഖരിക്കാം. നിലവിൽ കൺട്രോൾ റൂം വഴിയാണ് പ്രവർത്തനം. ഇതിനായി പ്രത്യേക ആപ്പ് തയ്യാറാക്കുന്നുണ്ട്. കൂടാതെ രാജാജി നഗറിലുള്ള മാലിന്യം സംസ്കരിക്കുന്നതിനുള്ള ട്രീറ്റ് മെന്റ് പ്ളാന്റിന് വേണ്ടിയുള്ള സ്ഥലവും നഗറിൽ തന്നെ നഗരസഭ കണ്ടെത്തി.
ക്യാമറാക്കണ്ണുകൾ ഇവിടെ
ബേക്കറി, രാജാജി നഗർ, പഴവങ്ങാടി, തകരപ്പറമ്പ്, ഉപ്പിടാംമൂട്, വഞ്ചിയൂർ, പാറ്റൂർ
സ്‌ക്വാഡ് റെഡിയെന്ന് സെക്രട്ടറി
ആമയിഴഞ്ചാനിൽ നിലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി പകലും രാത്രിയും പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചതായി കോർപ്പറേഷൻ സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. വനിതകൾ ഉൾപ്പെടുന്ന മൂന്ന് സ്‌ക്വാഡുകളും രണ്ടുപേരടങ്ങളുന്ന രാത്രി സ്‌ക്വാഡിനെയുമാണ് സജ്ജമാക്കിയത്. കോർപ്പറേഷനിലെ തൊഴിലാളികളെ രാത്രികാല ജോലിക്കും നിയോഗിച്ചിട്ടുണ്ട്. ഡേ സ്‌ക്വാഡിന് പുറമേയാണ് സ്‌പെഷ്യൽ സ്‌ക്വാഡ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഈ മാസം 18 മുതൽ 23വരെ 65 പേർക്ക് നോട്ടീസ് നൽകി. 12 കേസുകൾ രജിസ്റ്റർ ചെയ്‌തത് കൂടാതെ 14,300 രൂപ പിഴയും ചുമത്തി. തോട്ടിലേക്ക് മലിനജലമൊഴുക്കിയ സ്ഥാപനം പൂട്ടിക്കുകയും മറ്റൊരു സ്ഥാപനത്തിനെതിരെ നടപടി ആരംഭിക്കുകയും ചെയ്‌തു. തോടിന്റെ വിവിധ ഭാഗങ്ങളിലായി പത്ത് എ.ഐ ക്യാമറകൾ സ്ഥാപിക്കും. വൈദ്യുതി കണക്ഷൻ കിട്ടുന്ന മുറയ്‌ക്ക് ഇവ പൂർത്തിയാക്കും. രാജാജിനഗർ,ആമയിഴഞ്ചാൻ തോട് മേഖലകളിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാനും നടപടിയായി. തോട്ടിൽനിന്ന് ദിവസവും മാലിന്യം നീക്കുന്നുണ്ട്. ഇതിനായി രണ്ട് ട്രാഷ് ബൂമുകൾ കൂടി സ്ഥാപിക്കും. കെ.എസ്.ആർ.ടി.സി,തകരപ്പറമ്പ്, പാറ്റൂർ,വഞ്ചിയൂർ ജനശക്തി നഗർ,കണ്ണമ്മൂല ഭാഗങ്ങളിലാണ് നിലവിൽ ട്രാഷ് ബൂമുള്ളത്. ജൈവമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുകയും അജൈവമാലിന്യങ്ങൾ പ്രത്യേകം സംഭരിക്കുകയും ചെയ്യും. ബോധവത്കരണത്തിന് വിവിധ കോളേജുകളിലെ 25 വിദ്യാർത്ഥികളെ നിയോഗിച്ചതായും സെക്രട്ടറി അറിയിച്ചു.