പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ജനവാസ മേഖലകളായ ഇലവുപാലം,സ്വാമി നഗർ,കുട്ടത്തികരിക്കകം,എക്സ് കോളനി പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷം. ഇലവുപാലം ജംഗ്ഷനിലെ സജി ആന്റണിയുടെ വീടിനോട് ചേർന്നുള്ള പ്ലാവുകളിൽ നിന്നുള്ള ചക്ക തിന്നുകയും മറ്റ് കാർഷിക വിളകൾ പൂർണമായും നശിപ്പിക്കുകയും ചെയ്തു. സ്വാമിമുക്ക് സ്വദേശി ജയകുമാറിന്റെ (അമ്പിളി) വീടിന്റെ ഗേറ്റ് തകർത്ത് അകത്തുകടന്ന ആന കൃഷി നശിപ്പിച്ചു.നിലവിൽ ഈ മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്.ആനയെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ.കാട്ടുപോത്തിന്റെ സാന്നിദ്ധ്യവും ഇവിടെയുണ്ട്.
പന്നി, മ്ലാവ്, കേഴയാട്,കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണ്. വനംവകുപ്പിലും പഞ്ചായത്തിലും പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പലരും വന്യമൃഗശല്യത്താൽ കൃഷി പൂർണമായും ഉപേക്ഷിച്ചു.ആദിവാസി മേഖലകളിൽ ചിലയിടങ്ങളിൽ സോളാർ വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും പ്രവർത്തനക്ഷമമല്ല. റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ സേവനം ഈ മേഖലകളിൽ അടിയന്തരമായി ഉണ്ടാകണമെന്നും ആവശ്യമുയരുന്നുണ്ട്.