നെയ്യാറ്റിൻകര: ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ കുറ്റിയാണിക്കാട് കടക്കാൻ പാലമോ വള്ളമോ ഇല്ലാത്തതിനാൽ ജനങ്ങൾക്ക് അക്കരെയുള്ള കാട്ടാക്കട പഞ്ചായത്തിലെത്തണമെങ്കിൽ നീന്തലറിയണമെന്നുംമാത്രം. കുറ്റിയാണിക്കാട് നിന്ന് ഒരുകിലോമീറ്റർ അകത്തോട്ടുപോയാൽ നെയ്യാറിന്റെ കരയിൽ പൊഴിയല്ലൂർ ശ്രീമഹാവിഷ്ണു ക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ മറുകര എന്നത് കാട്ടാക്കട പഞ്ചായത്തിൽ ഉൾപ്പെട്ട കാഞ്ഞിരംവിള, അമ്പലത്തിൻകാല, കിഴമച്ചേൽ തുടങ്ങിയ പ്രദേശങ്ങളാണ്. ഇവിടെ എത്താനാണ് നാട്ടുകാർക്ക് പാലമില്ലാത്തത്. പണ്ട് തോർത്ത് തലയിൽ കെട്ടി നീന്തിയായിരുന്നു അക്കരെ പോയിരുന്നത്. ഇപ്പോൾ ചുഴികളും ഗർത്തങ്ങളുമായതിനാൽ നീന്താനാവില്ല.
ഉണ്ടായിരുന്ന വള്ളം നിറുത്തി
പൊഴിയല്ലൂർ ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ ഫണ്ട് ഉപയോഗിച്ച് മുമ്പ് ഒരു കടത്തുവള്ളം വാങ്ങിയിരുന്നു. എന്നാൽ ആ വള്ളം രണ്ടാം വില്പനയായതിനാൽ കാലപ്പഴക്കം കൊണ്ടുതകർന്നുപോയി. സി.കെ.ഹരീന്ദ്രൻ എം.എൽ.എയെ പ്രശ്നം ബോദ്ധ്യപ്പെടുത്തിയെങ്കിലും ഇതിനപ്പുറത്ത് മൂന്നാറ്റിൻമുക്ക് പാലവും കീഴാറൂർ പാലവും ഉള്ളതിനാൽ മറ്റൊരു പാലം പറ്റില്ലെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. ആര്യങ്കോട് പഞ്ചായത്തിൽ ഉള്ളവർക്ക് അക്കരെ കാട്ടാക്കട പഞ്ചായത്തിലും പോകാൻ ആകുന്നില്ല. കിലോമീറ്ററുകൾ സഞ്ചരിച്ചുവേണം കറങ്ങിപ്പോകാൻ. ചെറിയ ഒരു പാലമോ കടത്ത് വള്ളമോ വേണമെന്നാണ് ആവശ്യം. ചെറിയ ഒരു നൂൽപ്പാലം ആയാലും മതിയാകും.
ബുദ്ധിമുട്ടുകൾ
ഫാമിലി വെൽഫെയർ സബ് സെന്റർ, ആയുർവേദ ഡിസ്‌പെൻസറി, വില്ലേജ് ഓഫീസ് എന്നിവ പ്രയോജനപ്പെടുത്താനാകുന്നില്ല
കർക്കടക വാവുബലിയിലും ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികത്തിലും ഉത്സവത്തിലും പങ്കെടുക്കാനാകില്ല
ഭക്തരിൽ ഏറിയപങ്കും കീഴാറിൽ താമസിക്കുന്നതിനാൽ അധികം ഓട്ടോക്കൂലി നൽകണം