കല്ലറ: എൻ.സി.സിക്കായി കല്ലറയിൽ ആരംഭിക്കുന്ന പരിശീലനകേന്ദ്രത്തിന്റെ നിർമ്മാണപ്രവൃത്തികൾ പുരോഗമിക്കുന്നു. ഹെലിപാഡിന്റെയും പരേഡ് ഗ്രൗണ്ടിന്റെയും പണിയാണ് ഇപ്പോൾ നടക്കുന്നത്. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ ഏറ്റവും വലിയ തടസങ്ങളിലൊന്നായ മാറ്റി പാർപ്പിക്കലിന് പരിഹാരമായി കൂടിയാണ് പരിശീലനകേന്ദ്രമുയരുക.
ജില്ലയിലെ പതിനയ്യായിരത്തോളം വരുന്ന കേഡറ്റുകൾക്ക് സ്ഥിരമായ പരിശീലനകേന്ദ്രമില്ലാത്തതിന്റെ കുറവാണ് കേന്ദ്രം വരുന്നതോടെ പരിഹരിക്കപ്പെടുന്നത്. സാധാരണ ദുരന്തവേളകളിൽ സ്‌കൂളുകളിലും ഓഡിറ്റോറിയങ്ങളിലുമാണ് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നത്. ഭക്ഷണം പാകം ചെയ്യാനോ മതിയായ ടോയ്ലെറ്റ് സൗകര്യങ്ങളോ ഇവിടങ്ങളിലുണ്ടാകാറില്ല.ഈ കുറവുകളെല്ലാം പരിഹരിച്ചാണ് കേന്ദ്രം സജ്ജമാക്കുന്നത്.
ജില്ലയിലെ കേഡറ്റുകൾക്കു പുറമെ,കാശ്‌മീർ മുതൽ കന്യാകുമാരി വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകൾക്കും പരിശീലനം നൽകാനാണ് കേന്ദ്രം.
നിർമ്മാണം നടക്കുന്നത്
സർക്കാർ അനുവദിച്ച കല്ലറ പാട്ടറ പാങ്ങലുകുന്നിലെ എട്ടര ഏക്കറിൽ. (റവന്യൂവകുപ്പ് ഭൂമി)
സൗകര്യം
1000 പേരെ താമസിപ്പിക്കാം.ഹെലിപ്പാഡ് ഉൾപ്പെടെ പണിയുന്നത്.
പ്രതീക്ഷിക്കുന്ന ചെലവ് - 25 കോടി
പദ്ധതി നടപ്പിലാകുന്നതോടെ കല്ലറയുടെ മുഖച്ഛായ തന്നെ മാറും. പ്രദേശം ഒരു ടൗൺ ഷിപ്പായി മാറും.
സർക്കാർ നിയന്ത്രണത്തിൽ
പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിർമ്മാണച്ചുമതല. നടത്തിപ്പ് എൻ.സി.സിക്കാണെങ്കിലും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. പുതിയ കേന്ദ്രം സജ്ജമാകുന്നതോടെ മുഴുവൻ സമയം പരിശീലനം ആരംഭിക്കും.
മികച്ച പരിശീലനം
പ്രതിരോധ സേനാവിഭാഗങ്ങളുടെ പ്രാഥമിക പരിശീലനത്തിന് പുറമെ,ഫയറിംഗ്,ഒബ്സ്റ്റക്കിൾ കോഴ്‌സ്,മലകയറ്റം തുടങ്ങിയവയിലുള്ള പരിശീലനവും നൽകാൻ കഴിയുംവിധമാണ് കേന്ദ്രമൊരുങ്ങുക. അഞ്ചുവർഷത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം.