തിരുവനന്തപുരം: കേരള സർവകലാശാലാ സിൻഡിക്കേറ്റിലേക്ക് എതിരില്ലാതെ ഡോ.എസ്.നസീബ് (കേരളസർവകലാശാല പഠന വകുപ്പ്), പ്രൊഫ. വി.മനോജ് (രാജരവിവർമ്മ കോളേജ് ഒഫ് ഫൈൻ ആർട്സ്, മാവേലിക്കര), ഡോ.എം.ലെനിൻലാൽ (എസ്.സി സംവരണം) എന്നിവരെ തിരഞ്ഞെടുത്തു. 29നാണ് സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്. ഇനി 9 സ്ഥാനങ്ങളിലേക്കായി 32പേരാണ് മത്സരരംഗത്തുള്ളത്. വിദ്യാർത്ഥി കൗൺസിൽ തിരഞ്ഞെടുപ്പ് നടക്കാത്തതിനാൽ വിദ്യാർത്ഥി പ്രതിനിധിയെ ഇപ്പോൾ തിരഞ്ഞെടുക്കില്ല.സെനറ്റിൽ കോൺഗ്രസിന് 11, ബി.ജെ.പിക്ക് 7, ഇടതിന് 58അംഗങ്ങളുണ്ട്. 13പേർ ഔദ്യോഗിക പ്രതിനിധികളാണ്. കഴിഞ്ഞ വർഷം മേയിൽ സെനറ്ര് രൂപീകരിച്ചതാണെങ്കിലും ഗവർണറുടെ നാമനിർദ്ദേശത്തെച്ചൊല്ലി കേസുണ്ടായിരുന്നതിനാൽ സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നീളുകയായിരുന്നു. നിലവിൽ സർക്കാർ നാമനിർദ്ദേശം ചെയ്ത ആറംഗ താത്കാലിക സിൻഡിക്കേറ്രാണുള്ളത്.
കേരള സിൻഡിക്കേറ്റ്
തിര.10 പേരുടെ
വോട്ടെണ്ണില്ല
കൊച്ചി: കേരള സർവകലാശാലാ സിൻഡിക്കേറ്റിലെ 12 ഒഴിവുകളിലേക്ക് തിങ്കളാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ,അടുത്തിടെ കാലാവധി കഴിഞ്ഞ 10 സെനറ്റംഗങ്ങൾക്ക് വോട്ട് രേഖപ്പെടുത്താമെങ്കിലും എണ്ണാതെ മാറ്റിവയ്ക്കണമെന്ന് ഹൈക്കോടതി. കാലാവധി കഴിഞ്ഞവരെ വോട്ടർപട്ടികയിൽ നിന്ന് നീക്കാത്തതിനെതിരെ സെനറ്റംഗം അഡ്വ. വി.കെ. മഞ്ജു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഇടക്കാല ഉത്തരവ്. എതിർകക്ഷികളായ 10 പേരുടെ കാലാവധി ജൂലായ് 20ന്,ബാലറ്റ് വിതരണത്തിന് മുമ്പേ പൂർത്തിയായതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. 10 ദിവസത്തിനകം വിശദീകരണം നൽകാൻ സർവകലാശാലയ്ക്കും വരണാധികാരിക്കും മറ്റും നോട്ടീസയയ്ക്കാനും നിർദ്ദേശിച്ചു. ആസിഫ്,എസ്.വി. അമർനാഥ്,അവ്യ കൃഷ്ണൻ,ആർ.ജി. ദേവിക,സി.ഡി. ധനുജ,ഫഹദ് മുഹമ്മദ്,എസ്. മനീഷ്,മറിയം ജാസ്മിൻ,യു. വൈഷ്ണവ്,എസ്. വിഷ്ണു എന്നിവരുടെ വോട്ടുകളാണ് എണ്ണാതെ താത്കാലം മാറ്റിവയ്ക്കുക.
ആംനസ്റ്റി ആഗസ്റ്റ് 1ന്
ധനമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: നികുതി കുടിശിക തീർപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആംനസ്റ്റി ആഗസ്റ്റ് ഒന്നിന് അയ്യങ്കാളി ഹാളിൽ രാവിലെ 11ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ജയതിലക്,മുൻ മന്ത്രി ആന്റണി രാജു തുടങ്ങിയവർ പങ്കെടുക്കും. 14000കോടിയോളമുള്ള കുടിശികയാണ് ഇളവുകൾ നൽകി തീർപ്പാക്കുന്നത്. വിവിധ സ്ളാബുകളിലായാണ് ഇളവുകൾ.
ഒന്നാമത്തെ സ്ലാബായ 50,000രൂപവരെ നികുതിതുകയുള്ള കുടിശ്ശികകളെ അവയുടെ പിഴയും പലിശയുമടക്കം പൂർണമായും ഒഴിവാക്കും. രണ്ടാമത്തെ സ്ലാബായ 50,000രൂപ മുതൽ 10ലക്ഷം രൂപവരെയുള്ള കുടിശികയുടെ 30ശതമാനവും,മൂന്നാമത്തെ സ്ലാബായ 10ലക്ഷംരൂപ മുതൽ ഒരുകോടിരൂപ വരെയുള്ള കുടിശ്ശികകളിൽ അപ്പീലിലുള്ള കുടിശ്ശികകൾക്കു 40ശതമാനവും,ഒ അപ്പീലിൽ ഇല്ലാത്ത കുടിശ്ശികൾക്ക് 50ശതമാനം അടച്ചാൽ മതിയാകും.
നാലാമത്തെ സ്ലാബായ ഒരു കോടിരൂപയിൽ അധികംനികുതി തുകയുള്ള കുടിശ്ശികകൾക്കും രണ്ട് തരം പദ്ധതികളാണുള്ളത്. ഈ സ്ലാബിൽ അപ്പീലിലുള്ള കുടിശ്ശികകൾക്കു 70ശതമാനം ഒടുക്കിയാൽ അപ്പീലിൽ ഇല്ലാത്ത കുടിശ്ശികകൾക്കു 80ശതമാനം അടച്ചാൽ മതിയാകും.
ആംനെസ്റ്റി 2024 പദ്ധതിയിൽ നിർദിഷ്ട തീയതിക്കു മുൻപു ചേരുന്നവർക്കാണ് മേൽപ്പറഞ്ഞ ആനുകൂല്യം ലഭിക്കും. അവസാന തീയതി ഡിസംബർ 31. ബാർ ഹോട്ടലുകൾ,ഡിസ്റ്റിലറികൾ ഉൾപ്പെടെ പൊതുവില്പന നികുതി നിയമത്തിലെ ടേണോവർ ടാക്സ്,കോംപൗണ്ടിംഗ് നികുതി എന്നിവയുടെ കുടിശികകൾക്കു ഇത് ബാധകമായിരിക്കില്ല.