തിരുവനന്തപുരം: നഗരത്തിലെ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾ രണ്ടാഴ്ചയ്‌ക്കകം പൂർത്തിയാക്കണമെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ ആവശ്യപ്പെട്ടു. വീഴ്ച വരുത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ജില്ലാകളക്ടർ അനുകുമാരിയുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാവികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. തെരുവ് വിളക്കുകൾ ഉറക്കത്തിൽ, കണ്ണടച്ച് അധികൃതർ' എന്ന തലക്കെട്ടിൽ 27ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. പേരൂർക്കട ആശുപത്രി വികസനം, വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം, പേരൂർക്കട,കാച്ചാണി സ്‌കൂളുകളുടെ പ്രവർത്തന പുരോഗതി, ശാസ്തമംഗലം- പേരൂർക്കട റോഡ് നിർമ്മാണം, കുടപ്പനക്കുന്നിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ പേരൂർക്കടയിൽ സബ് സ്റ്റേഷന് ഭൂമി കണ്ടെത്തുന്നത് എന്നിവയും എം.എൽ.എ ഉന്നയിച്ചു. സമിതിയിൽ ഉന്നയിക്കപ്പെടുന്ന വിഷയങ്ങൾ ഗൗരവത്തോടെ ഉദ്യോഗസ്ഥർ കാണണമെന്നും തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.
അരുവിക്കര മണ്ഡലത്തിൽ കൊവിഡു കാലത്ത് നിറുത്തിവച്ച ബസ് സർവീസുകൾ പുനസ്ഥാപിക്കണമെന്ന് ജി.സ്റ്റീഫൻ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. അരുവിക്കര ഡാം- കാപ്പാട് ആന പുനരധിവാസ കേന്ദ്രം - നെയ്യാർ ഡാം - ബോണക്കാട് - പൊന്മുടി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന അരുവിക്കര ടൂറിസം ഇടനാഴി പദ്ധതിക്ക് പദ്ധതിരേഖ തയ്യാറാക്കാൻ പുതിയ ഏജൻസിയെ ചുമതലപ്പെടുത്തണമെന്നും സ്റ്റീഫൻ ആവശ്യപ്പെട്ടു. ബോണക്കാട് ലയം പുനരുദ്ധാരണം, ചികിത്സാ സൗകര്യത്തിനായി ബോണക്കാട് മേഖലയിൽ സബ്‌സെന്റർ, പൊന്മുടി റോഡ് നവീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയ്ക്ക് വന്നു.
പാറശാല നിയോജക മണ്ഡലത്തിലെ കൊല്ലയിൽ, കിഴക്കൻമല സമ്പൂർണ കുടിവെള്ള പദ്ധതിയുടെ പുരോഗതി സി.കെ. ഹരീന്ദ്രൻ എം.എൽ.എ യോഗത്തിൽ ആരാഞ്ഞു. ജലജീവൻമിഷൻ പദ്ധതി ത്വരിതപ്പെടുത്തണം, അമ്പൂരി ഗ്രാമപഞ്ചായത്ത് ടൂറിസം ഡെസ്റ്റിനേഷൻ, നെയ്യാർ ഡാം ടൂറിസം വികസനം, അമരവിള - ഒറ്റശേഖരമംഗലം റോഡ് വികസനം എന്നിവയുടെ പുരോഗതിയും ചർച്ചയായി.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ രാത്രികാലങ്ങളിൽ ജീവനക്കാരെ നിയമിക്കണമെന്ന് കെ.ആൻസലൻ എം.എൽ.എ ആവശ്യപ്പെട്ടു. അതിയന്നൂരിലെയും കാരോട് പഞ്ചായത്തിലെയും കുടിവെള്ള പദ്ധതികളുടെ പുരോഗതിയും എംഎൽ.എ ഉന്നയിച്ചു. ഈരാറ്റിൻപുറം ടൂറിസം പദ്ധതി ഒന്നാംഘട്ടം പൂർത്തിയായതായും രണ്ടാംഘട്ട പ്രൊപ്പോസൽ സമർപ്പിച്ചതായും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
ബാലരാമപുരം - ഉച്ചക്കട റോഡിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് എം.വിൻസന്റ് എം.എൽ.എ ആവശ്യപ്പെട്ടു. വിഴിഞ്ഞം - കാട്ടാക്കട റോഡ് നവീകരണം, വെള്ളായണി കായൽ പുനരുജ്ജീവനം കാക്കാമൂല പാലത്തിന്റെ തുടർപ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ സാക്ഷി മോഹൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്. ബിജു, എം.പിമാരുടെയും, എം.എൽ.എമാരുടെയും പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.