നെടുമങ്ങാട്: അരുവിക്കരയിൽ പിതൃതർപ്പണത്തിനുള്ള രണ്ട് ബലിക്കടവുകൾ ഭക്തർക്ക് തുറന്നുനൽകാതെ കാടുകയറി നശിക്കുന്നു. കർക്കടക വാവുബലിക്ക് മാത്രമാണ് ഇവിടെ ഭക്തർക്ക് പ്രവേശനമുള്ളത്. വാവ് കഴിഞ്ഞാൽ ബലിമണ്ഡപങ്ങൾ അടയ്ക്കും. മരണാനന്തര ബലിയിടൽ ചടങ്ങുകൾക്കും ശ്രാദ്ധപൂജകൾക്കും പ്രതിമാസ പിതൃതർപ്പണത്തിനും സ്ഥലവാസികളെപ്പോലും പ്രവേശിപ്പിക്കില്ല. അതിനാൽ, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തെയാണ് ഭക്തർ ആശ്രയിക്കുന്നത്. അതിരാവിലെ തിരിച്ചാലേ പുലർച്ചെ ഇവിടെ ബലിയിടാനാകൂ.
ജി.കാർത്തികേയൻ എം.എൽ.എ ആയിരിക്കെ ലക്ഷങ്ങൾ മുടക്കിയാണ് ബലിമണ്ഡപങ്ങൾ നിർമ്മിച്ചത്. അരുവിക്കര ഡാമിനു മുന്നിലും പഴയ പൊലീസ് സ്റ്റേഷനു സമീപം കരമനയാറിലുമാണ് ഈ ബലിക്കടവുകൾ. ഡാമിനു മുന്നിലെ ബലിമണ്ഡപം വാട്ടർ അതോറിട്ടി സംരക്ഷിക്കുന്നുണ്ട്, എന്നാൽ പഴയ പൊലീസ് സ്റ്റേഷനു സമീപത്തെ ബലിക്കടവ് സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമാണ്. തലസ്ഥാനത്തെ ലഹരി സംഘങ്ങൾ ഒളിയിടമായും ഇവിടം ഉപയോഗിക്കുന്നുണ്ട്.
47 ലക്ഷം വെള്ളത്തിലായി
അരുവിക്കര ഡാമിനോടു ചേർന്നുള്ള മണ്ഡപങ്ങൾ ബലികർമ്മങ്ങൾക്കു വേണ്ടി ദിവസവും തുറക്കണമെന്ന ആവശ്യത്തെ തുടർന്ന് വാട്ടർ അതോറിട്ടിയുടെ നിയന്ത്രണത്തിൽ നിത്യവും ബലിതർപ്പണവും ശ്രാദ്ധപൂജകളും നടത്താൻ സൗകര്യങ്ങൾ ഒരുക്കാൻ 47 ലക്ഷം രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജലഅതോറിട്ടിയിലെ ചില ഉദ്യോഗസ്ഥർ തന്നെ പാരവയ്ക്കുകയായിരുന്നു. വാവുബലി ഒരുക്കങ്ങൾ വിലയിരുത്താൻ ജി.സ്റ്റീഫൻ എം.എൽ.എയുടെ നേതൃത്വത്തിൽ അടുത്തിടെ ചേർന്ന യോഗത്തിൽ ആണ്ടുബലിക്ക് പുറമെ, ദിവസബലിയും ആഴ്ചബലിയും നടത്താൻ അനുവദിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. പദ്ധതി നടപ്പായാൽ വാച്ച്മാൻ, കാർമ്മികർ, ശുചീകരണ തൊഴിലാളികൾ എന്നിങ്ങനെ നിരവധി പേർക്ക് ജീവിതമാർഗവുമാവും.
അരുവിക്കര അനുഗ്രഹം
മലയോര മേഖലകളായ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ വിശ്വാസികൾക്ക് ഏറ്റവും സൗകര്യം
മലയോര കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് അതിരാവിലെ തിരുവല്ലത്തേക്ക് സർവീസില്ല
തിരുവല്ലത്തെത്താൻ സ്വകാര്യവാഹനങ്ങളിൽ കിലോമീറ്ററുകൾ താണ്ടണം