തിരുവനന്തപുരം: സപ്ലൈകോയുടെ ദുരവസ്ഥ മാറ്റുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ ഉറപ്പുനൽകിയിട്ടും തുടർനടപടികൾ വൈകുന്നതിൽ സി.പി.ഐയിൽ പ്രതിഷേധം. ഇത് പാർട്ടിയോടുള്ള അവഗണനയായാണെന്ന വിലയിരുത്തലിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപെടുമെന്നാണ് സൂചന.
ഓണവിപണി തുറക്കാൻ 500 കോടിയെങ്കിലും വേണമെന്നിരിക്കെ, ധനവകുപ്പ് അനുവദിച്ചത് 100 കോടിയാണ്. 650 കോടി വിതരണക്കാരുടെ കുടിശ്ശിക തീർക്കാൻ വേണം. 700 കോടിയുടെ പാക്കേജാണ് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടത്. 100 കോടി പോരെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പരസ്യമായി പറഞ്ഞിരുന്നു.
സി.പി.ഐ മന്ത്രിമാരും പാർട്ടി സംസ്ഥാന സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ് പാർട്ടി ആവശ്യമായി ഇത് ഉന്നയിക്കാൻ തീരുമാനിച്ചത്. ബിനോയ് വിശ്വം ഇക്കാര്യം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ ധരിപ്പിക്കും. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ സി.പി.ഐ മന്ത്രിമാർ ഈ ആവശ്യം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ അനുകൂലമാകുമ്പോഴാണ് ധനവകുപ്പിന്റെ നിഷേധ നിലപാടെന്നാണ് സി.പി.ഐയുടെ പരാതി.
സപ്ലൈകോയുടെ വിപണി ഇടപെടലിന് പ്രത്യേക സഹായമുണ്ടാകുമെന്ന് കഴിഞ്ഞ മാസം 26നാണ് ധനമന്ത്രി നിയമസഭയിൽ ഉറപ്പു നൽകിയത്. അന്ന്, വിലക്കയറ്റവും സപ്ലൈകോയുടെ കടിശികയും സംബന്ധിച്ച കേരളകൗമുദി റിപ്പോർട്ട് റോജി എം. ജോൺ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നപ്പോഴാണ് ധനമന്ത്രി ഉൾപ്പെടെ അനൂകൂല നിലപാട് വ്യക്തമാക്കിയത്.
ടെൻഡർ വിളിക്കാനാകുന്നില്ല
ചിങ്ങം എത്താറായിട്ടും ഓണക്കാല വിപണിവില നിയന്ത്രിക്കുന്ന സപ്ലൈകോയ്ക്ക് പണമില്ലാത്തതിനാൽ ടെൻഡർ വിളിക്കാനാവുന്നില്ല. 650 കോടി കുടിശികയായതോടെ വിതരണക്കാർ ടെൻഡറിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഔട്ട്ലെറ്റുകളിലെ റാക്കുകൾ കാലിയാണ്. പഞ്ചസാര, ശർക്കര, സാമ്പാർ പരിപ്പ് തുടങ്ങിയവ ഇല്ല. 13 സബ്സിഡി സാധനങ്ങളിൽ ഉഴുന്ന്, പയർ, മുളക്, കെ റൈസ് എന്നിവ മാത്രമാണുള്ളത്.
സബ്സിഡി - വിപണി ഇടപെടലിന് നൽകേണ്ടത് - 1375 കോടി
നെല്ലു സംഭരണത്തിന് ബോണസ് - 600 കോടി
നെൽക്കർഷകരുടെ പ്രത്യേക വിഹിതം- 259 കോടി
സ്കൂൾ ഉച്ചഭക്ഷണത്തിന് അരി നൽകിയതിലെ കുടിശിക-150 കോടി
''ഓണത്തിന് ഒരു മുട്ടും ഉണ്ടാകില്ല. സപ്ളൈകോയ്ക്ക് ബഡ്ജറ്റ് വിഹിതത്തിൽ കൂടുതൽ തുക അനുവദിക്കും''
--ധനമന്ത്രി കെ.എൻ. ബാലഗോപാൽ (20ന് വാർത്താസമ്മേളനത്തിൽ)