തിരുവനന്തപുരം: വിലയ്‌ക്ക് വാങ്ങിയ സ്ഥലത്ത് നിർമ്മിച്ച ഷീറ്റ് കൊണ്ട് മറച്ച വീട്ടിലേക്കുള്ള വഴി വസ്തു ഉടമ മതിൽകെട്ടി അടച്ചതു കാരണം വഴിയും വൈദ്യുതിയും നിഷേധിക്കപ്പെട്ട കുടുംബം അനുഭവിക്കുന്ന ദുരവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.

ജില്ലാ കളക്ടർ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡിഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു. ആറ്റിങ്ങൽ ഇളമ്പ പാവൂർക്കോണം ആദി ഭവനിലെ സുനിൽകുമാറിന്റെ കുടുംബമാണ് ദുരവസ്ഥ അനുഭവിക്കുന്നത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്‌ത കേസിലാണ് നടപടി.