തിരുവനന്തപുരം: സ്ത്രീസുരക്ഷ തെളിയിക്കാൻ 'പൊതുവിടം എന്റേതും' എന്ന് കൊട്ടിഘോഷിച്ചിട്ടും തലസ്ഥാനത്ത് സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളിൽ കുറവില്ല. കനകക്കുന്ന്,മ്യൂസിയം,വെള്ളയമ്പലം,വഴുതക്കാട്,വഞ്ചിയൂർ തുടങ്ങിയ സ്ഥലങ്ങളിൽ സാമൂഹികവിരുദ്ധർ യഥേഷ്ടം വിലസുകയാണ്. എം.ഡി.എം.എ ഉൾപ്പെടെയുള്ള നിരോധിത ഉത്പന്നങ്ങൾ കൈവശം സൂക്ഷിക്കുന്നവരാണ് ഇക്കൂട്ടത്തിലധികവും.

പിങ്ക് പൊലീസ് സേവനും നൈറ്റ് പട്രോളിംഗും രാത്രിയിൽ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം വാഹനങ്ങളിൽ പോകുന്നവർ പോലും തുറിച്ചുനോട്ടങ്ങളും അസഭ്യവർഷങ്ങളും നേരിടേണ്ടിവരുന്ന സ്ഥിതിയാണ്. പലരും കേസിന്റെ നൂലാമാലകൾ കാരണം പൊലീസിൽ പരാതിപ്പെടാറില്ല. സിവിൽ സർവീസിനും മത്സരപരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായുള്ള റീഡിംഗ് റൂമുകൾ വഴുതക്കാട്,ബേക്കറി ജംഗ്ഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് രാത്രിയും പ്രവർത്തിക്കാറുണ്ട്. ഇവിടെനിന്ന് സമീപത്തെ ഹോസ്റ്റലിലേക്ക് മടങ്ങുന്ന പെൺകുട്ടികളും തുറിച്ചുനോട്ടങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ചോദ്യം ചെയ്‌താൽ സാമൂഹികവിരുദ്ധർ അക്രമാസക്തരാകും. പരാതിപ്പെട്ടാലും കേസ് ഒതുക്കിത്തീർക്കാനാണ് പൊലീസിന് ഉത്സാഹമെന്നും ആക്ഷേപമുണ്ട്.

ഇരുട്ടുമൂടിയ ബസ്‌സ്റ്റോപ്പുകൾ

ഇരുട്ടുമൂടിയ ബസ് ഷെൽറ്ററുകളിലും ഒഴിഞ്ഞുകിടക്കുന്ന പാർക്കുകളിലും പറമ്പുകളിലും ഇടറോഡുകളിലുമാണ് സാമൂഹികവിരുദ്ധർ തമ്പടിക്കുന്നത്. രാത്രിയിൽ ബസ് കാത്തുനിൽക്കുന്ന സ്ത്രീകളാണ് ഇരയാകുന്നവരിലധികവും. ചുറ്റുമതിലില്ലാത്ത പൊളിഞ്ഞ വീടുകളിൽ പതുങ്ങിയിരിക്കുന്ന ഇവർ രാത്രിയായാൽ പുറത്തിറങ്ങും. മോഷണക്കേസുകളിലെ പ്രതികളും ഇക്കൂട്ടത്തിലുണ്ട്.

സുരക്ഷ കടലാസിലോ?

ഇക്കഴിഞ്ഞ വ്യാഴാഴ്ച - ജോലി കഴിഞ്ഞ് വീട്ടിലേക്ക് കമ്പനി വാഹനത്തിൽ മടങ്ങുകയായിരുന്ന യുവതിയെ ചിറക്കുളം ഭാഗത്തുവച്ച് യുവാവ് ആക്രമിക്കാൻ ശ്രമിച്ചു. യുവതി സഞ്ചരിച്ച വാഹനത്തിനു പിന്നാലെ അക്രമി കുറേ ദൂരം ഓടുകയും ചെയ്‌തു. സംഭവത്തിൽ കുര്യാത്തി സ്വദേശി ശിവയ്ക്കെതിരെ (32) കന്റോൺമെന്റ് പൊലീസ് കേസെടുത്തു.

മാർച്ചിൽ- റോഡരികിൽ സുഹൃത്തിനെ കാത്തുനിന്ന സ്ത്രീയോട് നാലംഗസംഘം അപമര്യാദയായി പെരുമാറി. സ്ത്രീയോട് അശ്ലീല ആംഗ്യം കാണിച്ചതിനും കാറിൽ കയറാൻ ആവശ്യപ്പെട്ടതിനും നാലംഗസംഘത്തെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.