ഒക്‌ടോബർ രണ്ട് മുതൽ ക്യാമ്പയിൻ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തത്തെ തുടർന്ന് ഹൈക്കോടതി ഇടപെട്ടതോടെ സംസ്ഥാനത്ത്മാലിന്യ നിർമ്മാർജ്ജനത്തിന് കർശന നടപടികളിലേക്ക് സർക്കാർ കടക്കുന്നു.
ഇന്നലെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനം. 'മാലിന്യമുക്തം നവകേരളം' എന്ന ക്യാമ്പയിനും ആരംഭിക്കും. അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാർച്ച് 30ന് സമ്പൂർണ ശുചിത്വ കേരളമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ രണ്ടിന് ആരംഭിച്ച് അടുത്ത വർഷം മാർച്ച് 30വരെ നീണ്ടുനിൽക്കുന്നതാണ് 'മാലിന്യമുക്തം നവകേരളം' ക്യാമ്പയിൻ. പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ കക്ഷികൾ അറിയിച്ചു.
മാലിന്യത്തിന്റെ അളവ് കുറക്കൽ, കൃത്യമായി തരംതിരിക്കൽ, ജൈവ മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തിൽ സംസ്‌കരിക്കൽ, അജൈവ പാഴ് വസ്തുക്കൾ ഹരിതകർമസേനകൾ വഴി കൈമാറൽ മുതലായ പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കും.
ജനകീയ വിജിലൻസ് സ്‌ക്വാഡുകൾ രൂപീകരിക്കും, പൊലീസ് വകുപ്പിന്റെ സഹായത്തോടെയുള്ള എൻഫോഴ്‌സ്‌മെന്റ് നടപടികൾ ശക്തമാക്കും, ശുചിത്വം-ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഏജൻസികളുടെ പരിശോധനകൾ എന്നിവ കാര്യക്ഷമമാക്കും. ആവശ്യമായ ഇടങ്ങളിൽ എ.ഐ ക്യാമറകൾ സ്ഥാപിക്കും.
കൂട്ടായ പ്രയത്നം
കൂട്ടായ ഇടപെടലിലൂടെ കക്കൂസ് മാലിന്യ സംസ്‌ക്കരണത്തിന് ആവശ്യമായ പ്ലാൻറുകൾ സ്ഥാപിക്കും. ജലസ്രോതസും നീർച്ചാലുകളും ശുദ്ധീകരിക്കും. ശാസ്ത്രീയമായ രീതിയിൽ ലാൻറ് ഫില്ലുകൾ ആരംഭിക്കും. സമ്പൂർണ മാലിന്യ സംസ്‌കരണ സംവിധാനം ഏർപ്പെടുത്തിയ ടൗണുകൾ, റസിഡൻഷ്യൽ മേഖലകൾ , പാർക്കുകൾ, മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോരായ്മകൾ പരിഹരിക്കും.
നിയമലംഘനം
തടയാൻ നടപടി
നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സംസ്ഥാനത്തേക്ക് കടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന പരിശോധന. ഇവ നിർമ്മിക്കുന്ന സ്ഥാപനങ്ങൾ, മൊത്തക്കച്ചവടക്കാർ, സ്റ്റോക്കിസ്റ്റുകൾ എന്നിവർക്കെതിരെ കർശന നടപടി. പ്ലാസ്റ്റിക്ക് ഉപഭോഗം പരമാവധി കുറയ്ക്കുന്നതിന് ബോധവൽക്കരണം.
`എല്ലാവരും ഒന്നിച്ചുനിന്നാൽ നിശ്ചിത സമയത്തിനുള്ളിൽ ലക്ഷ്യപ്രാപ്തി കൈവരിക്കാനാകും. രാഷ്ട്രീയ പാർട്ടികളും വർഗ ബഹുജന പോഷക സംഘടനകളും സജീവമായി പങ്കാളികളാകണം.'
- മുഖ്യമന്ത്രി പിണറായി വിജയൻ
`മാലിന്യ നിർമ്മാർജനത്തിന് തടസ്സമാകുന്ന നിരോധിത ഉൽപനങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാൻ കർശന സംവിധാനം വേണം. സർക്കാർ പ്രവർത്തനങ്ങൾക്ക് ക്രിയാത്മക പിന്തണ നൽകും.'
- പ്രതിപക്ഷ നേതാവ്
വി.ഡി സതീശൻ.
ജില്ലാതല നിർവ്വഹണ സമിതി
മാലിന്യമുക്ത നവകേരളം ക്യാമ്പയിന് ജില്ലാ,ബ്ലോക്ക്,കേർപ്പറേഷൻ/മുൻസിപ്പാലിറ്റി/ഗ്രാമപഞ്ചായത്ത് തല, വർഡ്/ഡിവിഷൻതല നിർവഹണ സമിതികൾ രൂപീകരിക്കും. എല്ലാ സമിതികളിലും രാഷ്ട്രീയ പാർട്ടി,യുവജന,വിദ്യാർത്ഥി,വനിതാ,സന്നദ്ധ സംഘടന പ്രതിനിധികളുണ്ടെന്ന് ഉറപ്പാക്കും. തദ്ദേശ സ്ഥാപനതല സംഘാടക സമിതികളും വാർഡ്തല സംഘാടക സമിതികളും രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണം.
ഓൺലൈനായി ചേർന്ന യോഗത്തിൽ അച്യുത്ശങ്കർ എസ്. നായർ (കോൺഗ്രസ്-ഐ),ഇ. ചന്ദ്രശേഖരൻ (സി.പി.ഐ),എൻ ഷംസുദ്ദീൻ,(ഐ.യു.എം.എൽ),കെ. അനന്ദകുമാർ (കേരള കോൺഗ്രസ്-എം),പി.ജെ. ജോസഫ് (കേരള കോൺഗ്രസ്),മാത്യു ടി. തോമസ് (ജനതാദൾ-സെക്യുലർ),പി.എം. സുരേഷ് ബാബു (എൻ.സി.പി),കെ. ജി. പ്രേംജിത്ത് (കേരള കോൺഗ്രസ് - ബി),ഷാജ ജി. എസ്. പണിക്കർ (ആർ.എസ്.പി-ലെനിനിസ്റ്റ്),കെ.ആർ. ഗിരിജൻ (കേരള കോൺഗ്രസ്-ജേക്കബ്),സി. കൃഷ്ണകുമാർ (ബി.ജെ.പി),ഡോ. വർഗീസ് ജോർജ് (രാഷ്ട്രീയ ജനതാദൾ),ബാബു ദിവാകരൻ (ആർ.എസ്.പി),കാസിം ഇരിക്കൂർ (ഐ.എൻ.എൽ),പി.സി. ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവരും മന്ത്രിമാരായ എം.ബി. രാജേഷ്,കെ. രാജൻ,രാമചന്ദ്രൻ കടന്നപ്പള്ളി,ചീഫ് സെക്രട്ടറി ഡോ. വേണു വി,അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവരും സംസാരിച്ചു.