ഉള്ളൂർ: എസ്.എ.ടി ആശുപത്രിയിൽ ബഹളമുണ്ടാക്കിയ കൂട്ടിരിപ്പുകാരനെ സുരക്ഷാജീവനക്കാർ പിടികൂടി മെഡിക്കൽ കോളേജ് പൊലീസിന് കൈമാറി. കണ്ണമ്മൂല സ്വദേശി നന്ദകുമാറാണ് സുരക്ഷാ ജീവനക്കാരുമായി ബഹളത്തിലേർപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഇയാളുടെ ഭാര്യയെ അഞ്ചാം വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. കൂട്ടിരിക്കാനായി മറ്റാരും ഉണ്ടായിരുന്നില്ല. രക്തപരിശോധനയ്ക്കുള്ള സാമ്പിളുകൾ കൈമാറാനായി വിളിച്ചതിനെ തുടർന്ന് ഇയാളെ അകത്തേക്ക് കടത്തിവിട്ടു. അവിടെയെത്തിയ ഇയാൾ മറ്റ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ടാകുന്ന തരത്തിൽ പെരുമാറി. തുടർന്ന് ഡ്യൂട്ടി നഴ്‌സ് സുരക്ഷാജീവനക്കാരെ വിവരം അറിയിച്ചു. ജീവനക്കാർ പുറത്ത് പോകാൻ നിർദ്ദേശിച്ചെങ്കിലും നന്ദകുമാർ തയ്യാറായില്ല. തുടർന്ന് ഇയാളെ തടഞ്ഞുവച്ച് മെഡിക്കൽ കോളേജ് പൊലീസിന് കൈമാറുകയായിരുന്നു. അതേസമയം സുരക്ഷാജീവനക്കാർ അകാരണമായി തടഞ്ഞുവച്ച് മർദ്ദിച്ചതായി നന്ദകുമാർ ആരോപിച്ചു. ആശുപത്രിയിൽ കഴിയുന്ന അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില പരിഗണിച്ച് പരാതിയുമായി മുന്നോട്ട് പോകേണ്ടന്ന് ആശുപത്രി അധികൃതർ തീരുമാനിച്ചതോടെ ഇയാളെ പൊലീസ് വിട്ടയച്ചു.