കടയ്ക്കാവൂർ: കേരകൃഷിയുടെ വിളനിലമായിരുന്ന തീരദേശത്ത് അപ്പോൾ ഒരു തേങ്ങയോ കരിക്കോ വേണമെങ്കിൽ അന്യനാട്ടിൽ നിന്നുള്ളവ വിലകൊടുത്ത് വാങ്ങണം. മുൻകാലത്ത് കേരകൃഷി തീരദേശവാസികൾ ഒരു ഉപജീവനമാർഗ്ഗമായിരുന്നു. കയറിനും കയർ ഉത്പാദനത്തിനും പേരുകേട്ട ഇവിടെ കേരകൃഷിയിലും പിന്നിലല്ലായിരുന്നു. തേങ്ങ, കരിക്ക്, കള്ള് എന്നിവകൊണ്ട് ഉപജീവനം നടത്തി വന്നിരുന്നത് നൂറുകണക്കിന് കുടുംബങ്ങളായിരുന്നു. ഒപ്പം കൊപ്രയാട്ടി വെളിച്ചെണ്ണ എടുക്കുന്ന കേന്ദ്രവും നിരവധിയാണ്.
ഇപ്പോൾ തേങ്ങ ഉണക്കി കൊപ്രയാക്കുന്നവർ പേരിന് പോലുമില്ല. പ്രതിരോധശേഷിക്കും മറ്റും ഗുണങ്ങളേറിയ കരിക്കും തേങ്ങയുമെല്ലാം ഇന്ന് മലയാളികളിൽ നിന്ന് അന്യമായികൊണ്ടിരിക്കുന്നു.
സുലഭമായി ലഭിച്ചുകൊണ്ടിരുന്ന കരിക്കുകൾ ഇപ്പോൾ 50 രൂപയിലേറെ വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥ.
മണ്ഡചീയൽ, മണ്ഡരി, ഓലചീയൽ,, കൊമ്പൻചെല്ലി തുടങ്ങിയ രോഗങ്ങൾ കാരണമാണ് കൂടുതലും പ്രദേശങ്ങളിൽ തെങ്ങുകൾ നശിച്ചത്. ഇതിന് ഫലപ്രദമായ മരുന്നുകൾ സുലഭമെന്നാണ് കേരകർഷകർ പറയുന്നു. എന്നാൽ ഇതിന് ഫലപ്രഥമായ പ്രതിരോധപ്രവർത്തനങ്ങൾ ചെയ്യാത്തതാണ് തെങ്ങുകൾ നശിക്കാനുള്ള കാരണമായി പല കർഷകരും ചൂണ്ടിക്കാട്ടുന്നത്.
പ്രതികരണം: ഇപ്പോൾ യുവജനകർഷകരും തെങ്ങ് കൃഷിയിൽ ശ്രദ്ധിക്കുന്നുണ്ട്. കൃഷിഭവനും അധികൃതരും കൂടുതൽ ശ്രദ്ധിച്ചാൽ കേരകൃഷിയിൽ മികച്ചരീതിയിൽ കായ്ഫലം ഉണ്ടാക്കാൻ കഴിയും.
ശശാങ്കൻ, കേരകർഷകൻ ,പൊള്ളഴികം നെടുങ്ങണ്ട