കിളിമാനൂർ: അവശ്യ സാധനങ്ങളുടെ വിലവർദ്ധനയിൽ ആശങ്കയിലായി കാറ്ററിംഗ് മേഖല.വിദ്യാഭ്യാസത്തോടൊപ്പം ജോലിയും വരുമാനവും എന്നീ ലക്ഷ്യങ്ങളുമായി നിരവധി യുവാക്കളാണ് കാറ്ററിംഗ് മേഖലയിലേക്ക് തിരിഞ്ഞിരുന്നത്.എന്നാൽ ഇപ്പോൾ കാറ്ററിംഗ് നടത്തി കടക്കാരായ ഒരുകൂട്ടം ചെറുപ്പക്കാർ മറ്റു വഴികൾ തേടുകയാണ്.

അവശ്യ സാധനങ്ങൾക്ക് പുറമെ വൈദ്യുതിചാർജ് - പാചക വാതക വിലവർദ്ധനയുമാണ് തിരിച്ചടിയായത്. പച്ചക്കറി,​ പലചരക്ക്,​മത്സ്യം,​മാംസം എന്നിവയ്ക്കടക്കം വില കുതിച്ചുയരുകയാണ്. ഉയർന്ന വില മൂലം ഓർഡറുകൾ കുറയും.ഒരു പരിധിക്കപ്പുറം ഭക്ഷണവില വർദ്ധിപ്പിക്കാനുമാകില്ല. പ്രദേശത്ത് മാത്രം കാറ്ററിംഗ് മേഖലയെ ആശ്രയിച്ച് ആയിരത്തിലേറെ തൊഴിലാളികളുണ്ട്.വിദ്യാർത്ഥികളടക്കമുള്ളവർ പാർട്ട് ടൈമായി ഭക്ഷണം വിളമ്പാനുമെത്തും.

സർക്കാർ ആനുകൂല്യങ്ങളുമില്ല

ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ എല്ലാ നടപടിക്രമങ്ങളുമുള്ളപ്പോഴും കാറ്ററിംഗ് മേഖലയെ ചെറുകിട വ്യവസായമായി അംഗീകരിച്ചിട്ടില്ല. ഇതിനാൽ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കാറില്ല.നികുതിയിളവ്,​ വൈദ്യുതിചാർജിലെ ഇളവ് ഉൾപ്പെടെ വേണമെന്നാണ് ആവശ്യം.ഓഡിറ്റോറിയങ്ങളിൽ മാലിന്യ സംസ്കരണ സൗകര്യമില്ലാത്തതിനാൽ വൻ തുക മുടക്കി സംസ്കരിക്കേണ്ടതും കാറ്ററിംഗുകാരുടെ ഉത്തരവാദിത്വമായി മാറി. ഒരു കാറ്ററിംഗുകാരന് 10 മുതൽ 20 വരെ സ്ഥിരം ജീവനക്കാരുണ്ടാവും. ബുക്കിംഗ് നഷ്ടമായാലും ജീവനക്കാർക്ക് ശമ്പളം നൽകണം.അനുബന്ധ ജോലികൾക്കായി ഇത്രയും പേർ വേറെയും കാണും.

ആവശ്യങ്ങൾ

വിലനിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ

 ചെറുകിട വ്യവസായമായി അംഗീകരിക്കുക

 ഓഡിറ്റോറിയങ്ങളിൽ മാലിന്യ സംസ്കരണം ഉറപ്പാക്കുക.