excise-office

ചിറയിൻകീഴ്: പരാധീനതകളുടെയും പരിവട്ടത്തിന്റെയും നടുവിൽ ചിറയിൻകീഴ് എക്സൈസ് ഓഫീസ്. അഴൂർ, ചിറയിൻകീഴ്, കിഴുവിലം, മുദാക്കൽ, കടയ്ക്കാവൂർ, വക്കം, അഞ്ചുതെങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകളും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഏരിയായും ചിറയിൻകീഴ് എക്സൈസ് ഓഫീസിന്റെ പരിധിയിലാണ് വരുന്നത്. ഇവിടെ ജീവനക്കാരുടെ അഭാവം വളരെ വലുതാണ്. ഈ ജീവനക്കാർ തന്നെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ, വർക്കല, തിരുവനന്തപുരം എന്നീ കോടതികളിൽ പോകണം. ഇതിൽ കാഷ്വൽ ലീവ് നൈറ്റ് ഡ്യൂട്ടി, ഓഫ് എന്നിവ കഴിയുമ്പോൾ രണ്ടോ മൂന്നോ പേർ മാത്രമാകും ഡ്യൂട്ടിയിൽ ഉണ്ടാവുക. ഇവർതന്നെയാണ് വിമുക്തി മിഷന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവത്കരണ ക്യാമ്പുകൾ രൂപീകരിക്കേണ്ടതും ലഹരിക്കെതിരായ ബോധവത്കരണ കമ്മിറ്റികളിൽ പ്രതിനിധികരിക്കേണ്ടതും. മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ പല സന്ദർഭങ്ങളിലും ലഹരി കേസുകളിലെ കുറ്റവാളികളെ പിടികൂടാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നുണ്ട്.

 ചെളിക്കളമായി പരിസരം

ചിറയിൻകീഴ് മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളൊന്നും നടക്കാത്തതിനാൽ മഴപെയ്താൽ എക്സൈസ് ഓഫീസ് പരിസരം വെള്ളക്കെട്ടിലാണ്. മുട്ടോളം വരുന്ന വെള്ളത്തിൽ ചവിട്ടി വേണം ഓഫീസിൽ എത്താൻ. ഈ വെള്ളക്കെട്ട് മാറാൻ തന്നെ ദിവസങ്ങളെടുക്കും. വെള്ളക്കെട്ട് ഒഴിഞ്ഞാലും സ്റ്റേഷൻ പരിസരം ആഴ്ചകളോളം ചെളിക്കളമാണ്. ഈ സമയങ്ങളിൽ എക്സൈസ് ഓഫീസിനകത്തേക്ക് വാഹനങ്ങൾ കയറ്റാനും ഇറക്കാനും തന്നെ പെടാപ്പാടാണ്.

 സൗകര്യങ്ങൾ ഒന്നുമില്ല

വർഷങ്ങൾ പഴക്കമുള്ള മന്ദിരത്തിലാണ് ഇവിടെ എക്സൈസ് ഓഫീസ് പ്രവർത്തിക്കുന്നത്. അറ്റകുറ്റപ്പണികൾ നടന്നിട്ട് വർഷങ്ങളായി. മഴപെയ്താൽ ചോർന്നൊലിക്കും. ഫയലുകളെല്ലാം കുതിർന്നു. കാലപ്പഴക്കം ചെന്ന വയറിംഗ് ആയതിനാൽ എപ്പോൾ വേണമെങ്കിലും ഷോക്കടിക്കും. ഓഫീസിൽ ആവശ്യത്തിന് നല്ല ഫർണിച്ചറുകൾ പോലുമില്ല. പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങൾ ലേലം ചെയ്യാതെ

കോമ്പൗണ്ടിൽ തന്നെയുണ്ട്. ഒപ്പം ഇഴജന്തുക്കളും തെരുവ് നായ്ക്കളും.