തിരുവനന്തപുരം: നഗരത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള 6 റോഡുകൾ സംഗമിക്കുന്ന കുറവൻകോണം ജംഗ്ഷനിൽ ആദ്യമായെത്തുന്ന യാത്രക്കാർ ഒന്നുപെടും. സ്ഥലപ്പേരുകൾ സൂചിപ്പിക്കുന്ന ബോർഡില്ലാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്.ആകെയുള്ളത് കുറവൻകോണം എന്നെഴുതിയ ബോർഡ് മാത്രം. സ്ഥലമറിയാതെ എത്തുന്നവർക്ക് ഏത് റോഡിലൂടെ പോകണമെന്നറിയാതെ നട്ടം തിരിയുകയാണ്. രാവിലെയും വൈകിട്ടും നല്ല തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണിത്.

അപ്പർ മെറിഡിയൻ റോഡ്, ചന്ദ്രശേഖരൻ നായർ റോഡ്, പട്ടം, കവടിയാർ,കുറവൻകോണം വൈ.എം.ആർ റോഡ്,മരുതൂർ റോഡ് എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട ആറ് റോഡുകൾ വന്നുചേരുന്ന ജംഗ്ഷനിലാണ് ഈ അവസ്ഥ.

സിഗ്നലുണ്ട്; പ്രവർത്തിക്കില്ല

നിരവധി വാഹനങ്ങൾ വന്നുചേരുന്ന കുറവൻകോണം ജംഗ്ഷനിൽ സിഗ്നൽ പ്രവർത്തനരഹിതമാണ്. ആറ് മാസത്തിലേറെയായി സിഗ്നൽ പ്രവർത്തിച്ചിട്ട്.കനത്ത ഗതാഗതക്കുരുക്കുള്ള ഇവിടെ വല്ലപ്പോഴും മാത്രമേ ട്രാഫിക്ക് ഉദ്യോഗസ്ഥർ എത്താറുള്ളൂവെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂൾ,കോളേജുകൾ,മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. രാത്രിയായൽ ഇവിടെ കുറ്റാക്കൂരിരുട്ടാണ്. വാഹനങ്ങളുടെ വെളിച്ചത്തിലാണ് പലപ്പോഴും വാഹനങ്ങളും കാൽനടയാത്രക്കാരും യാത്രചെയ്യുന്നത്. ജീവൻ പണയംവച്ചാണ് കാൽനടയാത്രക്കാർ റോഡ് മുറിച്ച് കടക്കുന്നത്.

വഴി ചോദിക്കാനും സാധിക്കില്ല

സമീപത്തെ കടകളിലോ നാട്ടുകാരോടോ തിരക്കേറിയ ജംഗ്ഷനിൽ വാഹനം നിറുത്തി വഴി ചോദിക്കാൻ പലപ്പോഴും സാധിക്കില്ല.യാത്രക്കാർ ജംഗ്ഷൻ കഴിഞ്ഞ് മുന്നോട്ടു പോയി സ്ഥലം മനസിലാക്കി തിരിച്ച് വരുന്നത് പതിവാണെന്ന് ഓട്ടോത്തൊഴിലാളികൾ പറയുന്നു.