മുടപുരം: 8 വർഷമായി കൂലി വർദ്ധനവില്ലാതെ കയർ തൊഴിലാളികൾ ദുരിതത്തിൽ. അവശ്യ സാധനങ്ങളുടെ വില വർദ്ധിച്ചിട്ടും ജീവിതച്ചെലവുകൾ ഏറിയിട്ടും അധികൃതർ കൂലി വർദ്ധിപ്പിക്കാത്തതിൽ കയർ തൊഴിലാളികൾ ശക്തമായ പ്രതിഷേധത്തിലാണ്.

ജില്ലയിൽ മൂവായിരത്തോളം തൊഴിലാളികളാണ് കയർ മേഖലയിൽ പണിയെടുക്കുന്നത്. കയർ സംഘം മേഖലയിൽ രണ്ടായിരവും ചെറുകിട ഉത്പാദകരുടെ കീഴിൽ ആയിരത്തോളം തൊഴിലാളികളും പണിയെടുക്കുന്നുണ്ട്. മറ്റു തൊഴിലാളികളെക്കാൾ കൂലിക്കുറവായതിനാൽ കയർ മേഖലയിൽ പണിയെടുക്കാൻ പുതുതായി ആരും വരുന്നില്ല.

പത്തുവർഷം മുൻപ് 5000നുമേൽ ഉണ്ടായിരുന്നിടത്താണ് ഇപ്പോൾ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞത്. വിരമിക്കൽ ആനുകൂല്യം കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് വിതരണം ചെയ്യാത്തതും തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നു. വിഹിതമടച്ച് ക്ഷേമനിധി ബോർഡിൽ അംഗമാകുന്ന തൊഴിലാളിക്ക് പിരിയുമ്പോൾ വിരമിക്കൽ ആനുകൂല്യമായി പതിനായിരം രൂപ നൽകണം.എന്നാൽ 2020 മുതൽ ഈ ആനുകൂല്യവും തൊഴിലാളിക്ക് ലഭിക്കുന്നില്ല.

നിലവിൽ ഒരുദിവസത്തെ

മിനിമം വേതനം - 350 രൂപയാണ്.

240 രൂപ പണിയെടുക്കുന്ന സംഘവും 110 രൂപ വരുമാനയുറപ്പ് പദ്ധതി വഴി സംസ്ഥാന സർക്കാരും നൽകും.ഇതിൽ ത്രിഫ്ട് കഴിഞ്ഞു തൊഴിലാളിക്ക് ലഭിക്കുന്നത് 333 രൂപയാണ്.

 തൊഴിലാളികളുടെ ആവശ്യങ്ങൾ

1) മിനിമം കൂലി 500 രൂപയായി വർദ്ധിപ്പിക്കുക

2) തൊഴിലാളികളിൽ നിന്ന് പിടിച്ച ത്രിഫ്ട് തുക തിരികെ നൽകുക

3) കയർ സംഘങ്ങൾക്ക് പ്രവർത്തന മൂലധനം അനുവദിക്കുക

തൊഴിലുറപ്പിനുണ്ട്

മഹാത്മാഗാന്ധി തൊഴിലുറപ്പ് തൊഴിലാളിക്ക് ഒരുദിവസത്തെ കൂലി 346 രൂപയാണ്.ഇക്കഴിഞ്ഞ ഏപ്രിലിൽ ഇവർക്ക് 13 രൂപ വർദ്ധിപ്പിച്ചു. എന്നിട്ടും കയർ തൊഴിലാളികൾക്ക് കൂലി വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. 500 രൂപയായി കൂലി വർദ്ധിപ്പിക്കണമെന്നാണ് തൊഴിലാളികളുടെയും യൂണിയന്റെയും ആവശ്യം.

കൂലി വർദ്ധന ഉൾപ്പെടെയുള്ള കയർ തൊഴിലാളികളുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.

ആർ.അജിത്ത്,പ്രസിഡന്റ്,പെരുങ്ങുഴി

കയർ വ്യവസായ സഹകരണ സംഘം.

ജില്ലാ സെക്രട്ടറി,ട്രാവൻകൂർ

കയർ തൊഴിലാളി യൂണിയൻ