കല്ലമ്പലം: ജനവാസ മേഖലയിൽ ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയവരിൽ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. നാവായിക്കുളം പഞ്ചായത്തിലെ തട്ടുപാലത്താണ് സംഭവം.
മാസങ്ങളായി പ്രദേശത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് നാട്ടുകാരും പൊലീസും നിരീക്ഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം പുലർച്ചെ 2ഓടെ മാലിന്യം നിറച്ച ടാങ്കറുമായെത്തിയ രണ്ടംഗ സംഘം മാലിന്യം പകുതിയോളം പുറത്തേയ്‌ക്ക് ഒഴുക്കുന്നതിനിടെയാണ് പിടിയിലായത്. ഡ്രൈവറായ അഞ്ചൽ കരുകോൺ പുല്ലാഞ്ഞിയോട് ലീനഭവനിൽ സീമോനെ കല്ലമ്പലം പൊലീസിന് കൈമാറി. ക്ലീനർ ഓടി രക്ഷപ്പെട്ടു. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
എറണാകുളത്തും തിരുവനന്തപുരത്തുമുള്ള സീവേജ് ഫാമുകളിൽ കൊണ്ടുപോകുന്നുവെന്ന് പറഞ്ഞാണ് പൊലീസ് പരിശോധനയിൽ നിന്ന് ഇവർ രക്ഷപ്പെട്ടിരുന്നത്. കടമ്പാട്ടുകോണം,ഫർമസി ജംഗ്ഷൻ,തട്ടുപാലം,പുതിയ ബൈപ്പാസ്, എന്നിവിടങ്ങളിലാണ് വ്യാപകമായി ഒഴുക്കിയിരുന്നത്. ഒരേ നമ്പരിൽ വിവിധ ടാങ്കർ ലോറികളുള്ളതായും വാഹനത്തിന്റെ ഉടമ കായംകുളം സ്വദേശിയായ പുഷ്പമ്മയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അവർ ടാങ്കർ ലോറി കൊട്ടിയം സ്വദേശി റോബിന് വാടകയ്‌ക്ക് നൽകിയതാണെന്ന് പൊലീസിന് വ്യക്തമായി.
ടാങ്കർ ലോറിയുടെ ഉടമയെയും ഇപ്പോൾ കൈവശക്കാരനായ റോബിനെയും പ്രതി ചേർക്കുമെന്ന് കല്ലമ്പലം എസ്.ഐ
എം.സാഹിൽ അറിയിച്ചു. ഓടിപ്പോയ ക്ലീനർക്കായി അന്വേഷണം ശക്തമാക്കി.