കിളിമാനൂർ: ഇത്തവണ ഓണമുണ്ണാൻ പച്ചക്കറിക്കായി കിളിമാനൂരുകാർക്ക് തമിഴ്നാടിനെ കാത്തുനിൽക്കേണ്ട. തീ വിലകൊടുത്ത് വിഷം തളിച്ച പച്ചക്കറി വാങ്ങാതെ ജൈവ പച്ചക്കറി വിളയിക്കുകയാണ് കിളിമാനൂർ ബ്ലോക്ക് പരിധിയിലെ കൃഷിഭവനുകൾ.
ഇതിനായി ബ്ലോക്കിൽ 123 ഹെക്ടറിലാണ് കൃഷി. ആദ്യഘട്ടത്തിൽ അത്യുത്പാദന ശേഷിയുള്ള 81000 പച്ചക്കറി തൈയും 15000 സീഡ് കിറ്റും കൃഷി ഭവൻ വഴി വിതരണം ചെയ്തിട്ടുണ്ട്. വീട്ടിൽ കൃഷി ചെയ്ത് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നവരാണ് പച്ചക്കറി കൃഷി ചെയ്യുന്നവരിലധികവും. ബാക്കി ഓണ വിപണിയിൽ എത്തിക്കും.
കർഷകർ സ്വയം പര്യാപ്തതയിലേക്ക്
സെപ്തംബറിലേക്ക് വിളവെടുപ്പ് നടത്താവുന്ന രീതിയിലാണ് കൃഷി. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, സുരക്ഷിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പച്ചക്കറി വികസന പദ്ധതി നടപ്പിലാക്കുന്നത്. വിഷരഹിതമായ പച്ചക്കറികൾ ഉത്പാദിപ്പിച്ച് കർഷകരെ സ്വയം പര്യാപ്തമാക്കാൻ ഈ പദ്ധതിക്ക് സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. വീട്ടുവളപ്പിലെ കൃഷി, പുരയിട കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.