തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ള 800ഓളം ബാറുകളിൽ 606 എണ്ണവും നികുതി കുടിശിക വരുത്തിയതുമൂലം സർക്കാരിന് സാമ്പത്തിക നഷ്ടം. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണിത്. നികുതി വകുപ്പിന്റെ കണക്കുപ്രകാരം 198 ബാറുകൾ നികുതി റിട്ടേണുകൾ പോലും സമയബന്ധിതമായി ഫയൽ ചെയ്തിട്ടില്ല.
കേരള പൊതുവില്പന നികുതി നിയമം 1963 പ്രകാരം ബാർ ഹോട്ടൽ ലൈസൻസികൾ എല്ലാ മാസവും വിറ്റുവരവ് രേഖപ്പെടുത്തി റിട്ടേണുകൾ ഫയൽ ചെയ്യണം. ടേൺ ഓവർ ടാക്സിൽ കുടിശിക വരുത്തിയവർക്ക് മദ്യം നൽകുന്നത് നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നികുതി വകുപ്പ് അഡി. ചീഫ് സെക്രട്ടറി ബിവറേജസ് കോർപ്പറേഷന് കത്തു നൽകിയെങ്കിലും ചില ബാറുടമകൾ ഹൈക്കോടതിയെ സമീപിച്ചതോടെ തുടർനടപടി സ്വീകരിക്കേണ്ടതില്ലെന്ന് ഉത്തരവായിരുന്നു.
തുടർന്ന് ബാർ ലൈസൻസും കെ.ജി.എസ്.ടി രജിസ്ട്രേഷനുമുള്ള ബാർ ഹോട്ടലുകൾക്ക് മദ്യം നൽകാതിരിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് ബെവ്കോ സി.എം.ഡി സർക്കാരിനെ അറിയിച്ചു. അതേസമയം, എല്ലാ ജില്ലകളിലും റവന്യു റിക്കവറി നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് നികുതി വകുപ്പ് പറയുന്നു.
കുടിശിക കൂടുതലുള്ള
ബാറുകളുടെ എണ്ണം
കോട്ടയം................... 90
എറണാകുളം.......... 83
തൃശൂർ..................... 74
തിരുവനന്തപുരം....71
കൊല്ലം.....................69
ആലപ്പുഴ..................66