തിരുവനന്തപുരം: പട്രോളിംഗിനിടെ പൊലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞ് രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്. പേട്ട എസ്.ഐ മനോജ്, ഉദ്യോഗസ്ഥൻ ജീബു എന്നിവർ സഞ്ചരിച്ച് ബൊലെറോ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ പുലർച്ചെ 2.30ന് കരിക്കകം ആറ്റുവരമ്പിലാണ് സംഭവം. ഇരിവരുടേയും പരിക്ക് ഗുരുതരമല്ല.

പതിവ് പട്രോളിംഗിന്റെ ഭാഗമായാണ് ഇരുവരും ഈ വഴി വന്നത്. ആറ്റുവരമ്പിൽ റോഡിലെ വളവുള്ള ഭാഗത്തെത്തിയപ്പോൾ എതിരെ വന്ന വാഹനത്തിന്റെ ഹൈ ബീം പ്രകാശത്തിൽ വാഹനമോടിച്ച ജീബുവിന്റെ കാഴ്ച മങ്ങുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും ചെയ്തു. തുടർന്ന് വളവ് വളയാതെ പുത്തനാറിന്റെ വശങ്ങളിലെ കൈവരിയിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് വലിയ ശബ്ദത്തോടെ വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ആഴമില്ലാത്ത ഭാഗത്താണ് വാഹനം വീണത്. പകുതിയോളം മുങ്ങിയതിനാൽ ഡോർ തുറക്കാനായില്ല. ഗ്ളാസിന്റെ ഭാഗത്തിലൂടെയാണ് ഇരുവരും പുറത്തേക്ക് കടന്നത്. ആ സമയം ഇതുവഴി പോയ യാത്രക്കാരാണ് പേട്ട പൊലീസിനെ വിവരമറിയിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മനോജിനെ പേട്ട സി.ഐ രാകേഷിന്റെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ 4.30ന് ക്രെയിൻ എത്തിച്ച് ജീപ്പ് കരയ്ക്ക് കയറ്റി. വെള്ളം കുറവായിരുന്നതിനാലാണ് പൊലീസുകാർ രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. വാഹനത്തിന് വലിയ കേടുപാടുണ്ട്. എൻജിനിലടക്കം മലിനജനലം കയറി. അപകടത്തിന് കാരണമായ എതിരെ വന്ന വാഹനത്തെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

പഴകിയ കൈവരികൾ

പാർവതി പുത്തനാറിന്റെ വശത്തെ കോൺക്രീറ്റ് കൈവരികളെല്ലാം കാലപ്പഴക്കത്താൽ നശിച്ചു തുടങ്ങി. 2011ൽ ഏഴ് കുട്ടികളുടെ മരണത്തിനിടയാക്കിയ പാർവതി പുത്തനാറിലെ സ്കൂൾ വാൻ ദുരന്തത്തിന് പിന്നാലെയാണ് ഇവിടെ കൈവരികൾ സ്ഥാപിച്ചത്. അതിനുശേഷം കൈവരികൾ നവീകരിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂൾ വാൻ മറിഞ്ഞിടത്ത് നിന്ന് ഒരുകിലോമീറ്റർ ഇപ്പുറത്താണ് ജീപ്പ് അപകടത്തിൽപ്പെട്ടത്.

ഭീതിയിലാക്കി: എസ്.ഐ മനോജ്

അപ്രതീക്ഷിതമായ അപകടമാണ് ഉണ്ടായതെന്ന് പേട്ട എസ്.ഐ മനോജ് കേരളകൗമുദിയോട് പറഞ്ഞു. പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയാതെയായി. ആകെ ഭയന്നു. ടെൻഷൻ കാരണം രക്തസമ്മർദ്ദം കൂടി. ഏറെ സമയം അവിടെ വിശ്രമിച്ചു. തുടർന്നാണ് ദേഹം കഴുകി ആശുപത്രിയിലെത്തിയത്.