36

ഉദിയൻകുളങ്ങര: ധനുവച്ചപുരം റെയിൽവേ സ്റ്റേഷനോട് അവഗണനയെന്ന്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാൽ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷനാണ് ധനുവച്ചപുരം. പരശുവയ്ക്കാൽ, കൊറ്റാമം ഉദിയൻകുളങ്ങര, ചെങ്കൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ളവർക്കും മറ്റും എളുപ്പത്തിൽ തിരുവനന്തപുരത്തേക്കും തിരികെ ധനുവച്ചപുരത്ത് എത്താനുമായി നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന റെയിൽവേ സ്റ്റേഷൻ കൂടിയാണ് ധനുവച്ചപുരം.

പുലർച്ചയിലെ 5.15-ന് ഇതുവഴി കടന്നുപോകുന്ന നാഗർകോവിൽ -മംഗലാപുരം എക്സ്പ്രസ്, രാവിലെ 6 ന് പോകുന്ന മധുരയിൽ നിന്നും കൊല്ലം വഴി പുനലൂർ ട്രെയിൻ, നാഗർകോവിൽ -കോട്ടയം എക്സ്പ്രസ് തുടങ്ങിയ നിരവധി ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് ഇല്ലാത്തത് യാത്രക്കാരെ വളരെ ബുദ്ധിമുട്ടിലാക്കുന്നു.

ഉച്ചയ്ക്ക് 1.30 നുള്ള കന്യാകുമാരി ബംഗളൂരുർ ട്രെയിൻ, നാഗർകോവിൽ ആലപ്പുഴ വഴി പോകുന്ന ചെന്നൈ ഗുരുവായൂർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ യാത്ര ചെയ്യേണ്ടവർക്ക് ഇവിടെ നിന്നും കിലോമീറ്റർ സഞ്ചരിച്ച് നെയ്യാറ്റിൻകരയിലും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനേയും ആശ്രയിക്കണം.

ദുരിതമകറ്റണം

ദിനംപ്രതി അങ്ങോട്ടുമിങ്ങോട്ടും 32 ഓളം ട്രെയിനുകളാണ് ഇതുവഴി കടന്നു പോകുന്നത്. പ്രതിവാര ട്രെയിനുകൾ ഉൾപ്പെടെ 48 ഓളം ട്രെയിനുകൾ ധനുവച്ചപുരം വഴി കടന്നു പോകുന്നെങ്കിലും പത്തിൽ താഴെ മാത്രം ട്രെയിനുകളാണ് ഇവിടെ നിറുത്താറുള്ളത്.

തിരുവനന്തപുരം -നാഗർകോവിൽ റെയിൽവേ പാത നിലവിൽ വന്ന 1978-ൽ ആസ്പറ്റാസ് കൊണ്ട് നിർമ്മിച്ച ടിക്കറ്റ് കൗണ്ടറാണ് ഇപ്പോഴും ഇവിടെ യാത്രക്കാർക്ക് ആശ്രയമായുള്ളത്.

അടച്ചുപൂട്ടി

യാത്രക്കാരുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യപ്രകാരം എം.പി ഫണ്ട് ഉപയോഗിച്ച് ഇവിടെ ലക്ഷങ്ങൾ ചെലവിട്ട് പുതിയ ടിക്കറ്റ് കൗണ്ടർ നിർമ്മിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും12 വർഷക്കാലമായി ഈ കൗണ്ടർ യാത്രക്കാർക്ക് പ്രയോജനപ്പെടാതെ അടച്ചുപൂട്ടിയ നിലയിലാണ്.

ആവശ്യം ശക്തം

നിരവധി കുട്ടികളും സ്ത്രീകളും യാത്രയ്ക്ക് ആശ്രയിക്കുന്ന ഈ റെയിൽവേ സ്റ്റേഷനിൽ പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ പോലും സ്ഥലമില്ല. ദീർഘദൂര യാത്ര പോകുന്നവർക്കുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിച്ച് യാത്രക്കാരുടെ ദുരിതത്തിനുപരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുകയാണ്