തിരുവനന്തപുരം: 'രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കെയാണ് കാളിംഗ് ബെല്ല് കേട്ടത്. വാതിൽ തുറന്നപ്പോൾ മുഖം തലയുൾപ്പെടെ മറച്ച സ്ത്രീ, ഷിനി ഇവിടെയാണോ താമസിക്കുന്നതെന്ന് ചോദിച്ചു. എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ ഒരു രജിസ്റ്റേർഡ് ഉണ്ടെന്നും ഷിനി ഒപ്പിട്ടാലേ കൊടുക്കൂവെന്നും പറഞ്ഞു. ഷിനിക്ക് മിക്കവാറും കൊറിയർ വരാറുണ്ടെങ്കിലും ഒപ്പിടണമെന്ന് ആരും നിർബന്ധം പറഞ്ഞിട്ടില്ല. ഷിനിയെ വിളിച്ചു. പേന കൂടി എടുക്കാൻ സ്ത്രീ ആവശ്യപ്പെട്ടു. പേനയുമായെത്തിയ ഷിനിക്കുനേരെ അവർ വലിയ ഷീറ്റ് പേപ്പറും കവറും എടുത്ത് നീട്ടി. ഒപ്പിടാൻ ഒരുങ്ങിയതും വെടിവച്ചു. ഷിനി കൈ കൊണ്ട് തടഞ്ഞതിനാൽ ഉള്ളം കൈയിൽ വെടിയേറ്റു. പിന്നീട് തറയിൽ രണ്ടു തവണ വെടിവച്ചു. പുറത്തേക്ക് ഓടിയ സ്ത്രീയുടെ പിന്നാലെ പോകാൻ തുനിഞ്ഞെങ്കിലും തനിക്ക് നേരെ വെടിവയ്ക്കുമെന്ന് ഭയന്ന് ഭാര്യയും മകളും പോകാൻ അനുവദിച്ചില്ല. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും അവർ ആരെയും കണ്ടില്ല". മരുമകൾക്കുനേരെയുണ്ടായ ആക്രമണത്തിന്റെ ഞെട്ടൽ മാറാതെ കെ.ഭാസ്ക്കരൻ നായർ പറഞ്ഞു. ഷിനിയുടെ രണ്ട് ചെറിയ മക്കളുൾപ്പെടെ അപ്രതീക്ഷിത സംഭവത്തിൽ പകച്ചുപോയി. അത്യാവശ്യം ഉയരമുള്ള, ആരോഗ്യമുള്ള സ്ത്രീയാണ് ആക്രമണം നടത്തിയതെന്നും ഭാസ്ക്കരൻ നായർ പറഞ്ഞു.