father
f

തിരുവനന്തപുരം : നഗരമദ്ധ്യത്തിലെ വീട്ടിലെത്തിയ സ്ത്രീ വീട്ടമ്മയെ എയർപിസ്റ്റൾ ഉപയോഗിച്ച് വെടിവച്ചു. കൊറിയർ നൽകാനെന്ന വ്യാജേന മുഖംമറച്ചെത്തിയ അക്രമിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഇന്നലെ രാവിലെ 8.30ന് പടിഞ്ഞാറേകോട്ട പെരുന്താന്നി ചെമ്പകശേരി പോസ്റ്റ് ഓഫിസ് ലെയ്ൻ സി.ആർ.എ 125ബി പങ്കജിൽ വി.എസ്. ഷിനിക്കാണ്(40)വെടിയേറ്റത്. വലതു കൈപ്പത്തിക്കു പരിക്കേറ്റ ഷിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്തി പെല്ലറ്റ് പുറത്തെടുത്തു. ആരോഗ്യനില തൃപ്തികരമാണ്. നാഷണൽ ഹെൽത്ത് മിഷൻ പി.ആർ.ഒയാണ് ഷിനി. തനിക്ക് ശത്രുക്കളില്ലെന്ന് ഷിനി പൊലീസിനു മൊഴി നൽകി. എന്നാൽ, ഷിനിയോടോ കുടുംബത്തോടെ മുൻവിരോധമുള്ള ആരെങ്കിലുമാകും കൃത്യത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.

തലയും മുഖവും മറച്ച സ്ത്രീ കാളിംഗ് ബെൽ അടിച്ചപ്പോൾ ഷിനിയുടെ ഭർതൃപിതാവ് ഭാസ്കരൻ നായരാണ് വാതിൽ തുറന്നത്. രജിസ്ട്രേഡ് ആയതിനാൽ ഷിനിയെ വിളിക്കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു. വീടിന്റെ വാതിൽപ്പടിയിൽ ഷിനി എത്തിയതോടെ നീളമുള്ള കൊറിയർ കവറിനുമുകളിൽ ഒപ്പിടാനുള്ള പേപ്പർവച്ച് നീട്ടി. ഷിനി ഒപ്പിടാനൊരുങ്ങുന്നതിനിടെ സ്ത്രീ തന്റെ ജീൻസിന്റെ പോക്കറ്റിൽ നിന്ന് എയർപിസ്റ്റൾ എടുത്തുയ‌ർത്തി. അതു തടഞ്ഞപ്പോഴാണ് കൈപ്പത്തിക്കു വെടിയേറ്റത്. രക്തം വാർന്നൊഴുകുന്ന കൈയുമായി ഷിനിയും വീട്ടുകാരും അമ്പരന്ന് നിലവിളിച്ചു. അതിനിടെ ചുവരിൽ രണ്ടുവട്ടം വെടിയുതിർത്തശേഷം സ്ത്രീ പുറത്തേക്കോടി റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കയറി രക്ഷപ്പെട്ടു. അയൽവാസികളെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തൃശൂർ സ്വദേശിയായ ഷിനി ഭർത്താവിന്റെ കുടുംബത്തിനൊപ്പം തിരുവനന്തപുത്തെ വീട്ടിലാണ് താമസം. ഭർത്താവ് സുജിത്ത് മാലിയിലാണ് ജോലി ചെയ്യുന്നത്. സംഭവസമയം ഷിനിയുടെ രണ്ടു മക്കളും ഭർതൃപിതാവും മാതാവും വീട്ടിലുണ്ടായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി പരിശോധന നടത്തി. വഞ്ചിയൂർ പൊലീസിനാണ് അന്വേഷണച്ചുമതല.

കാറിന് വ്യാജ നമ്പർ

വെള്ള സെലേറിയോ കാറിലാണ് അക്രമി എത്തിയതെന്ന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തി. സംഭവശേഷം ചാക്ക ഭാഗത്തേക്കാണ് കാറ് പോയത്. നമ്പർ വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. നെടുമങ്ങാട് സ്വദേശിയുടെ പേരിലുള്ള സ്വിഫ്റ്റ് കാറിന്റെ നമ്പരാണ് ഉപയോഗിച്ചിരുന്നത്. ഈ കാർ ഒരാഴ്ച മുൻപ് കോഴിക്കോട് സ്വദേശിക്ക് വിറ്റിരുന്നു.

സി.സി.ടി.വികൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്

-ജി.സ്‌പർജൻകുമാർ

സിറ്റി പൊലീസ് കമ്മിഷണർ

കണ്ണുമാത്രം കാണാൻ കഴിയുന്നവിധത്തിൽ മുഖം മറച്ചിരുന്നു. ആവശ്യത്തിന് ഉയരവും ആരോഗ്യവുമുള്ള സ്ത്രീയായിരുന്നു അക്രമി.

-ഭാസ്കരൻ നായർ

ഷിനിയുടെ ഭർതൃപിതാവ്