വർക്കല: ഇടവയിൽ സ്വകാര്യബസുകളുടെ അമിതവേഗത അപടക്കെണിയാകുന്നതായി പരാതി. പ്രധാനമായും ഇടവ - കാപ്പിൽ എച്ച്.എസ് റോഡിലാണ് അപകടങ്ങൾ പതിവാകുന്നത്. തിരക്ക് കുറഞ്ഞ ഈ റൂട്ടിൽ ബസുകൾ നേർക്കുനേർ ഇടിച്ചാണ് മിക്ക അപകടങ്ങളും.
ഇടവ, കാപ്പിൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ് യാത്രക്കാരിലേറെയും.രാവിലെയും വൈകിട്ടും സർവീസ് നടത്തുന്ന ബസുകൾ കുതിച്ചുപായുന്നത് സ്ഥിരം കാഴ്ചയാണ്. അമിതവേഗതയിലെത്തുന്ന ബസുകൾ വളവുകളിൽ വെട്ടിത്തിരിച്ച് ബ്രേക്ക് ചെയ്യുമ്പോൾ യാത്രക്കാർ നിലത്ത് വീഴുകയും കമ്പികളിൽ തലയിടിച്ച് പരിക്കേൽക്കുകയും ചെയ്യാറുണ്ട്.
റൂട്ട് മാറ്റം വലയ്ക്കുന്നു
ചില ബസുകൾ അനുവദിച്ചിട്ടുള്ള റൂട്ട് മാറ്റി നിരാല ജംഗ്ഷൻ വഴിയും സർവീസ് നടത്തുന്നുണ്ട്.ഇത് ഈ ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
മരണപ്പാച്ചിലിന് അറുതിയില്ല
ഇടവ - കാപ്പിൽ എച്ച്.എസ് റോഡിൽ കാട്ടുവിള ജംഗ്ഷനു സമീപം ദിവസങ്ങൾക്ക് മുമ്പാണ് രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം നടന്നത്.സ്കൂൾ വിദ്യാർത്ഥിനിക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ജൂൺ 14ന് കാട്ടുവിള സബ് സെന്ററിനു സമീപം വളവിൽ ബസുകൾ കൂട്ടിയിടിച്ചിരുന്നു. തൊട്ടടുത്ത സ്ഥലങ്ങളിലാണ് രണ്ട് ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് അപകടം നടന്നത്. ഈ റോഡിൽ 3 കിലോമീറ്ററിനുള്ളിൽ 15ഓളം വലിയ വളവുകളുണ്ട്.വളവുകളിൽ ബ്രേക്ക് ചെയ്ത് വേഗത കുറയ്ക്കുന്നതിനോ ഹോൺ മുഴക്കുന്നതിനോ ഡ്രൈവർമാർ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.
ഡ്രൈവർമാരുടെ അമിതവേഗതയും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണം.മോട്ടോർ വാഹനവകുപ്പും പൊലീസും കൃത്യമായി പരിശോധന നടത്തി നടപടികൾ സ്വീകരിക്കണം.
ശുഭ.ആർ.എസ്.കുമാർ,
വൈസ് പ്രസിഡന്റ്, ഇടവ ഗ്രാമപഞ്ചായത്ത്