വെള്ളറട: ഗ്രാമങ്ങളിൽ മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലാതെ റോഡുവക്കുകൾ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാകുന്നു. റോഡുവക്കുകളിൽ ഭക്ഷ്യ-മാംസ അവശിഷ്ടങ്ങളും കശാപ്പ് മാലിന്യങ്ങളും ചാക്കുകളിൽ കെട്ടി രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് നിക്ഷേപിക്കുന്ന സംഘങ്ങൾ മലയോരത്ത് സജീവമാണ്.
ഇതിനു പുറമെ വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും വിവാഹ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിലെയും മാലിന്യങ്ങളും റോഡുവക്കിൽ നിക്ഷേപിക്കുന്നുണ്ട്. ഇവ തെരുവ്നായ്ക്കളും പക്ഷികളും കൊത്തിവലിച്ച് റോഡിലും പരിസരത്തെ കിണറുകളിലും നിക്ഷേപിക്കുന്നുണ്ട്. ഇത് പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗങ്ങൾ പടരാനും ഇടയാകുന്നു. എന്നിട്ടും അധികൃതർ ഏതൊരു സംവിധാനങ്ങളും ഒരുക്കിയിട്ടില്ല.
മാലിന്യ നിക്ഷേപം
വെള്ളറട ഗ്രാമപഞ്ചായത്തിന്റെ പല ഭാഗങ്ങളിലും മാലിന്യ നിക്ഷേപം കാണാം. ഒരു ഘട്ടത്തിൽ ഇത്തരക്കാരെ കണ്ടെത്തുന്നതിന് ഗ്രാമപഞ്ചായത്ത് ക്യാമറകൾ സ്ഥാപിച്ചുവെങ്കിലും പ്രയോജനമില്ല. ക്യാമറ ദൃശ്യങ്ങൾ കാണാതെ തൊട്ടുസമീപം മാലിന്യങ്ങൾ നിക്ഷേപിക്കുന്നു. ആറാട്ടുകുഴി കടുക്കറ റോഡിൽ മുതുവാൻകോണം മുതൽ കടുക്കറവരെ മാലിന്യങ്ങൾ കൊണ്ടുവന്നിടുന്നു. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലാകട്ടെ രണ്ട് സർക്കാർ ആശുപത്രികൾക്ക് സമീപമാണ് സ്വകാര്യ വ്യക്തികൾ മാലിന്യങ്ങൾ കൊണ്ടുവന്ന് നിക്ഷേപിക്കുന്നത്.
പരിഹാരം വേണം
അമ്പൂരി, ഒറ്റശേഖരമംഗലം പഞ്ചായത്തിലൂടെ കടന്നുപോകുന്ന കുടപ്പനമൂട്, നെടുമങ്ങാട്, റോഡിന്റെ വാഴിച്ചലിനു സമീപവും വ്യാപകമായാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. പഞ്ചായത്തുകളിൽ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും റോഡുവക്കുകളിൽ നിക്ഷേപിക്കുന്നവരെ കണ്ടെത്തി കാര്യമായ പിഴകൾ ചുമത്തുകയും ചെയ്താൽ റോഡുവക്കിൽ മാലിന്യം നിക്ഷേപിക്കുന്നതിന് ഒരു പരിധിവരെ പരിഹാരമാകും.
പല പൊതുറോഡുകളിലൂടെയും ദുർഗന്ധം കാരണം നടന്നുപോകാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. പകർച്ചവ്യാധികളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ അധികൃതർ തയ്യാറാകണം.