1

പൂവാർ: കരുംകുളം ഗ്രാമപഞ്ചായത്തിലെ 1-ാം വാർഡായ പി.എച്ച്.സി പുല്ലുവിള ചാനൽക്കര റോഡിൽ മാലിന്യം നിറഞ്ഞും കാടു മൂടിയും ഗതാഗതം തടസപ്പെടുന്നു. കരുംകുളം, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തുകളെ വേർതിരിക്കുന്ന കനാൽ ബണ്ടാണ് ചാനൽക്കര റോഡ്.

പുല്ലുവിള കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പിറകിലൂടെ കടന്നുപോകുന്ന കനാൽ മുഴുവൻ മാലിന്യ നിക്ഷേപ കേന്ദ്രമാണ്. മഴക്കാലത്ത് മാത്രമാണ് കനാലിൽ വെള്ളം ഉണ്ടാവുക. മാലിന്യം കുതിർന്ന മലിനജലം പ്രദേശവാസികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഇപ്പോൾ അതുവഴിയുള്ള കാൽനടയാത്രപോലും ദുസഹമാണ്. പ്രദേശത്തെ കാണവിള, മാവിള കോളനികളിലെ ആളുകൾക്ക് പുല്ലുവിള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരാനുള്ള എളുപ്പവഴിയാണ് ഇത്. എന്നാൽ പ്രദേശമാകെ കാടു മൂടി മാലിന്യം നിറഞ്ഞതോടെ സാമൂഹ്യവിരുദ്ധ ശല്യവും വർദ്ധിച്ചതായി നാട്ടുകാർ പറയുന്നു. ഇപ്പോൾ ഈവഴി കുട്ടികൾ പോയിട്ട് മുതിർന്നവർ പോലും ഇതുവഴി നടക്കാറില്ല.

 പരാതി നൽകിയിട്ടും...

പ്രദേശത്തെ മാലിന്യം നീക്കം ചെയ്യണമെന്നും കാട് വെട്ടിത്തെളിച്ച് കാൽനടയാത്രയ്ക്ക് സൗകര്യം ഒരുക്കണമെന്നും സാമൂഹ്യവിരുദ്ധ ശല്യം അമർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് രണ്ട് ഗ്രാമപഞ്ചായത്തുകളിലും കാഞ്ഞിരംകുളം പൊലീസിനും പരാതികൾ നൽകിയിട്ടും യാതൊരു ഫലവും ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 2020 - 21 സാമ്പത്തിക വർഷത്തിൽ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം പദ്ധതി പ്രകാരം നിർമ്മിച്ച റോഡാണിത്.