maranalloor

മലയിൻകീഴ്: മാറനല്ലൂർ മൃഗാശുപത്രി പ്രവർത്തനം ആരംഭിച്ചിട്ട് കാലങ്ങൾ കഴിഞ്ഞുവെങ്കിലും ഇവിടത്തെ ആശുപത്രിക്ക് യാതൊരു വികസനവുമുണ്ടായിട്ടില്ല. ഇപ്പോഴും ഒരു മാറ്റവും വന്നില്ലെന്നാണ് കർഷകരുടെ പരാതി. ആശുപത്രി പ്രവർത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ചതൊഴിച്ചാൽ മറ്റൊരു വികസനവും ഇതുവരെ നടന്നിട്ടില്ലെന്നാണ് ക്ഷീരകർഷകർ പറയുന്നത്.

മൃഗാശുപത്രിയെ പോളി ക്ലിനിക്കായി ഉയർത്തുന്നതിന് ശ്രമങ്ങൾ നടത്തിയെങ്കിലും ഇതുവരെ സ്ഥലം കണ്ടെത്താനായില്ല.
ജില്ലയിലെ പ്രധാനപ്പെട്ട ക്ഷീരകർഷക ഗ്രാമമെന്നാണ് നേരത്തെ മാറനല്ലൂർ പഞ്ചായത്ത് അറിയപ്പെട്ടിരുന്നത്. കർഷകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും പശുവളർത്തൽ ഉപജീവനമാർഗമായി സ്വീകരിച്ച നിരവധി പേർ ഇപ്പോഴും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുണ്ട്. കന്നുകാലികൾക്ക് ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യമെത്തിയാൽ കർഷകർ ദുരിതത്തിലാകും.

കർഷകരെ ദുരിതത്തിലാക്കരുത്

അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ ഡോക്ടർ വീട്ടിലെത്തി പരിശോധനകൾ നടത്തുമെങ്കിലും വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കേണ്ട ഘട്ടങ്ങളിൽ സൗകര്യങ്ങളുള്ള മറ്റ് മൃഗാശുപത്രികളെ ആശ്രയിക്കേണ്ടി വരും.
അടുത്തിടെ മരുന്ന് ക്ഷാമം രൂക്ഷമായപ്പോൾ വൻ വില കൊടുത്ത് പുറത്ത് നിന്ന് മരുന്നു വാങ്ങേണ്ട ഗതികേടിലായിരുന്നു കർഷകർ. നിലവിൽ മരുന്നുകൾ ലഭ്യമാണെങ്കിലും ചില അവസരങ്ങളിൽ വില കൂടിയ മരുന്നുകിട്ടാതെ വരുന്നതായും ആക്ഷേമുണ്ട്.

പരിഹാരമാകാതെ
മാറനല്ലൂർ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ആശുപത്രിയലെത്താൻ ഇടുങ്ങിയ വഴിയേയുള്ളു. വഴി വീതി കൂട്ടണമെന്ന കർഷകരുടെ ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. റോഡ് വികസന കാലത്ത് വഴി വീതികൂട്ടാമെന്ന നിലപാടിലാണ് മാറനല്ലൂർ പഞ്ചായത്ത് അധികൃതർ. മാറനല്ലൂർ മൃഗാശുപത്രിയിൽ നിന്ന് മികച്ച സേവനങ്ങൾ ലഭ്യമായിരുന്നെങ്കിൽ ക്ഷീര കർഷകരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാകുകയും ക്ഷീര ഗ്രാമമെന്ന പേര് തിരിച്ച് പിടിക്കാനാകുമെന്നാണ് കർഷകർ പറയുന്നത്.