പാലോട്: പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ മടത്തറ, കൊല്ലായിൽ, കരിമൺകോട് വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ചൂടേറിയ പ്രചാരണം അവസാനിച്ചു. ജനവിധി നാളെയാണ്. എൽ.ഡി.എഫിനു വേണ്ടി സംസ്ഥാന സെക്രട്ടറി എം.ഗോവിന്ദൻ മാസ്റ്ററും, വി. ജോയി എം.എൽ.എ, ഡി.കെ.മുരളി എം.എൽ.എ, എ.എ.റഹീം, സുപാൽ എന്നിവരും യു.ഡി.എഫിനു വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പാലോട് രവി, കെ.എസ്.ശബരീനാഥൻ, ബി.ആർ.എം. ഷഫീർ, ബി.ജെ.പിക്കുവേണ്ടി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, ജില്ലാപ്രസി‌ഡന്റ് വി.വി.രാജേഷ് എന്നിവരുമാണ് കൺവെൻഷനുകൾക്ക് നേതൃത്വം നൽകിയത്. അടൂർ പ്രകാശ് എം.പി മൂന്ന് വാർഡുകളിലും നടന്ന ഭവനസന്ദർശനത്തിൽ പങ്കെടുത്തു. യു.ഡി.എഫ് ഭരിച്ചിരുന്ന പെരിങ്ങമ്മല പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മൂന്നു പേർ രാജിവച്ച് സി.പി.എമ്മിൽ ചേർന്നതാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. രാജിവച്ചവർ തന്നെയാണ് എൽ.ഡി.എഫിന് വേണ്ടി വീണ്ടും മത്സരിക്കുന്നത്. മടത്തറ വാർഡിൽ ഷിനു (എൽ.ഡി.എഫ്), ഷൈജ (യു.ഡി.എഫ്), ഷാജി ( ബി.ജെ.പി), കൊല്ലായിൽ വാർഡിൽ കലയപുരം അൻസാരി (എൽ.ഡി.എഫ്), റുക്കിയ ബീവി (യു.ഡി.എഫ്), അനിൽകുമാർ (ബി.ജെ.പി), കരിമൺകോട് വാർഡിൽ ഷെഹ്നാസ് (എൽ.ഡി.എഫ്), സുഭാഷ് (യു.ഡി.എഫ്), ദീപു (ബി.ജെ.പി) എന്നിവരാണ് മുന്നണി സ്ഥാനാർത്ഥികൾ. ഏഴ് സ്വതന്ത്രരും മത്സരത്തിനുണ്ട്. നാളെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 31 ന് നടക്കും.