തിരുവനന്തപുരം: 2024- 25 വാർഷിക പദ്ധതിയിൽ പ്രധാന പദ്ധതികൾക്ക് വകയിരുത്തിയ തുക വെട്ടിക്കുറച്ച് നഗരസഭ. ലൈഫ് ഭവന പദ്ധതിയിൽ വസ്തു വാങ്ങാൻ വകയിരുത്തിയ 14 കോടിയിൽ നിന്ന് രണ്ടുകോടിയും പട്ടികജാതി വിഭാഗകാർക്കുള്ള ലൈഫ് ഭവന പദ്ധതിക്ക് വകയിരുത്തിയ 17 കോടിയിൽ നിന്ന് 4 കോടി രൂപയും വെട്ടിക്കുറച്ചു. പ്രധാനപ്പെട്ട 52 പദ്ധതികളുടെ തുകയും കുറച്ചിട്ടുണ്ട്.
കൂടുതൽ പേരെ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണിത്. ഇതുകൂടാതെ 6 കോടി വകയിരുത്തിയ ജനറൽ വിഭാഗക്കാർക്കുള്ള ഭവന പുനരുദ്ധാരണത്തിനുള്ള തുകയിൽ ഒരു കോടിയും വെട്ടിക്കുറച്ചു. ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിക്കുന്ന വിഭാഗത്തിലാണിത്. കുറവ് വരുത്തിയ റിവിഷൻ ലിസ്റ്റ് പഠിക്കാൻ ഒരു ദിവസം മാത്രമാണ് കൗൺസിലർമാർക്ക് നൽകിയത്. ഇന്നത്തെ കൗൺസിലിൽ ചുളുവിൽ പാസാക്കാനാണ് നീക്കം. ഭരണവിഭാഗത്തിലെ കൗൺസിലർമാർക്ക് പോലും ലിസ്റ്റിൽ അതൃപ്തിയുണ്ട്.
കുട്ടികളുടെ പോഷകാഹാരത്തിലും വെട്ട്
ശിശുവികസന പ്രോജക്ട് ഓഫീസർ ഒന്ന് വിഭാഗത്തിലെ അങ്കണവാടികളുടെ പോഷകാഹാര വിതരണത്തിന് അനുവദിച്ച 1.5 കോടിയിൽ 50 ലക്ഷവും അടുത്ത രണ്ടും മൂന്നും വിഭാഗങ്ങളിലെ അങ്കണവാടികൾക്കായി വകയിരുത്തിയ തുകയിൽ നിന്ന് 2 കോടി രൂപയും വെട്ടിക്കുറച്ചു. അങ്കണവാടികളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്ന തുക നോൺ റോഡ് ഫണ്ടിലേക്കും മാറ്റി നൽകി. അതേസമയം വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യാനുള്ള പദ്ധതിക്ക് ഒരു കോടി അധികം വകയിരുത്തി.
ഇനോക്കുലം വേണ്ട
മാലിന്യമല കാരണം ആമയിഴഞ്ചാൻ തോട്ടിൽ ജീവൻ പൊലിഞ്ഞിട്ടും മാലിന്യസംസ്കരണത്തിലെ തുകയും നഗരസഭ വെട്ടിക്കുറിച്ചു. ജൈവമാലിന്യ ശേഖരത്തിനായുള്ള തുമ്പൂർമുഴിയിലെ ഇനോക്കുലം വാങ്ങുന്നതിന് വകയിരുത്തിയ 50 ലക്ഷത്തിൽ നിന്ന് പകുതിയും ചുരുക്കി. ഇനോക്കുലം വാങ്ങാൻ നെട്ടോമൊടുന്ന സാഹചര്യത്തിലാണിത്.
വെട്ടിക്കുറിച്ച പദ്ധതികൾ
പി.എം.എ.വൈ ഭവന പദ്ധതി- നഗരസഭ വിഹിതം 4 കോടി
സൗജന്യ ഡയാലിസിസ്- 10 ലക്ഷം
ദുർബല ജനവിഭാഗങ്ങൾക്ക് കുടിവെള്ള കണക്ഷൻ- 5 ലക്ഷം
ഷീ ലോഡ്ജ്, വനിതകൾക്കായി പ്രഖ്യാപിച്ച പദ്ധതികൾ
ഇപ്പോൾ കിട്ടിയ തുക ഉപയോഗിച്ചാണ് തുക അനുവദിച്ചിരിക്കുന്നത്.
അടുത്ത റിവിഷനിൽ ഇല്ലാത്ത പദ്ധതികൾ ഉൾപ്പെടുത്തും.
നഗരസഭ