
തിരുവനന്തപുരം: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ മകനോട് ചോദ്യങ്ങൾ ചോദിച്ച് സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു. മനുഷ്യത്വരഹിതമായ ചോദ്യങ്ങൾ ചോദിച്ചതിനെതിരെ കേസെടുക്കണമെന്ന പരാതിയിലാണ് നടപടി. ചാനൽ ഉടമയ്ക്ക് കമ്മിഷൻ ഇന്ന് നോട്ടീസ് അയയ്ക്കും.
'പപ്പ എവിടെ പോയി " എന്നായിരുന്നു വനിതാ റിപ്പോർട്ടറുടെ ചോദ്യം. 'ലോറിയിൽ പോയി" എന്ന കുഞ്ഞിന്റെ മറുപടിക്ക് 'ലോറിയിൽ എവിടെ പോയി ?"എന്ന മറുചോദ്യവും ചോദിച്ചു. അർജുന്റെ മകനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ചതിനെതിരെ യൂട്യൂബ് ചാനലിനും റിപ്പോർട്ടർക്കുമെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു.