തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ ബോധവത്കരണത്തിന് രൂപീകരിച്ച ജനകീയ സമിതിയിൽ വകുപ്പുകൾ തമ്മിൽ തല്ലരുതെന്ന് വിമർശനം.

പല ജനകീയ സമിതികളിലും ഇതേ അഭിപ്രായമുണ്ടായിട്ടുണ്ടെങ്കിലും മേയറും ആരോഗ്യ സ്റ്റാൻഡിംഗ് അദ്ധ്യക്ഷയ്ക്കും പരിഹരിക്കാമെന്ന് ഉറപ്പും നൽകിയാണ് മടങ്ങുന്നത്. ഇന്നലെ വഞ്ചിയൂർ,കണ്ണമൂല,ശ്രീകണ്ഠേശ്വരം വാർഡുകളിലാണ് യോഗം ചേർന്നത്. ഇറിഗേഷൻ,റെയിൽവേ,നഗരസഭ എന്നിവർ മാലിന്യനീക്കത്തിനും ശുചീകരണത്തിന്റെയും പേരിൽ തമ്മിൽ തല്ല് തുടങ്ങിയിട്ട് കാലം കുറേയായി. ജനകീയ സമിതിയിൽ പങ്കെടുത്ത എല്ലാവരും മാലിന്യനീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു.

ആമയിഴഞ്ചാൻ തോട്‌ കടന്നുപോകുന്ന ഏഴുവാർഡിലാണ്‌ സമിതികൾ രൂപീകരിക്കുന്നത്‌. വഞ്ചിയൂർ,കണ്ണമ്മൂല,ശ്രീകണ്ഠേശ്വരം വാർഡുകളിൽ ചേർന്ന യോഗങ്ങളിൽ കൗൺസിലർ ചെയർമാനും ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കൺവീനറുമായി സമിതികൾക്ക്‌ രൂപം നൽകി. 12 മുതൽ 15 പേരടങ്ങുന്ന സമിതികളാണ് രൂപം നൽകുന്നത്. വീടുകളിൽ കിച്ചൻ ബിന്നുകൾ സ്ഥാപിച്ച്‌ മാലിന്യം സംസ്‌കരിക്കാൻ സംവിധാനമൊരുക്കാനും ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു.

മേയർ ചെയർമാനും ആരോഗ്യ സ്റ്റാൻഡിംഗ് അദ്ധ്യക്ഷ കോ ചെയർമാനും കോർപ്പറേഷൻ സെക്രട്ടറി കൺ‌വീനറുമായി പ്രത്യേക സെല്ല് രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ജനകീയ സമിതി രൂപീകരിക്കുന്നത്. ആദ്യഘട്ടത്തിൽ തോടിന്റെ 6.8 കിലോമീറ്റർ ശുചീകരണവും സംരക്ഷണവും നടത്തും. ശേഷിക്കുന്ന ഭാഗങ്ങൾ ഒരുമാസത്തിനുള്ളിൽ ശുചീകരിക്കും. തോടിന്റെ വശങ്ങളിലെ 54 ക്യാമറകൾ സ്‌മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച് തുടങ്ങി.

ഇനി ഇവിടെ

തമ്പാനൂർ,ചാല,പാളയം,വഴുതക്കാട് എന്നീ വാർഡുകളിൽ

അടുത്തദിവസങ്ങളിൽ ജനകീയ സമിതി യോഗം ചേരും.