തിരുവനന്തപുരം: വിദ്യാർത്ഥികളുടെ വിദേശ കുടിയേറ്റത്തെക്കുറിച്ച് മനസിലാക്കാൻ അബ്രോഡ് വൈബ്സ് എന്ന യുവജനകോൺക്ലേവ് സംഘടിപ്പിച്ചു. യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്ടറും ശാസ്ത്ര വേദിയുമായി ചേർന്ന് ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ സ്വീഡൻ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ സയന്റിസ്റ്റ് ഡോ.ബിന്ദു സുനിൽ കുമാർ ഉദ്ഘാടനം ചെയ്‌തു.
പഠനത്തിനും ജീവനത്തിനുമായി വിദേശത്തേക്ക് കുടിയേറുന്നതിൽ കേരളത്തിലെ യുവജനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് കോൺക്ലേവിൽ ചർച്ചചെയ്‌തു. വിവിധ വിദേശരാജ്യങ്ങളിൽ നിന്നായി പത്തിലേറെ പേർ ഓൺലൈനായി പങ്കെടുത്തു. ട്രിനിറ്റി കോളേജ്,സരസ്വതി വിദ്യാലയം,ക്രൈസ്റ്റ് നഗർ കോളേജ്,മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജ്,ട്രിവാൻഡ്രം ഇന്റർനാഷണൽ സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.
ട്രിനിറ്റി എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.അരുൺ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്സിറ്റി മുൻ എച്ച്.ഒ.ഡി ഡോ.അച്ചുത്ശങ്കർ എസ്.നായർ,യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചെയർ ഡോ.സുമേഷ് ചന്ദ്രൻ,യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം കോ-ചെയർ ശങ്കരി ഉണ്ണിത്താൻ,വാട്ട്സൺ ഇന്റർനാഷണൽ ഡയറക്ടർ ടെറൻസ് അലക്സ്,മെറിൻ ജോസഫ് എന്നിവർ പങ്കെടുത്തു.