h

തിരുവനന്തപുരം : സ്‌കൂൾ അദ്ധ്യാപകരുടെ ജോലി ഭാരം വർദ്ധിപ്പിച്ച് വിദ്യാഭ്യാസവാരവുമായി സമഗ്രശിക്ഷാ കേരളം(എസ്.എസ്.കെ.). പൊതുവിദ്യാലയങ്ങളിൽ സഹവർത്തിത്വം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ആവിഷ്കരിച്ച പരിപാടികൾക്ക് ഇന്ന് തുടക്കമാവുകയാണ്.പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ നിരവധി പരിപാടികൾ ക്രമീകരിച്ച എസ്.എസ്.കെ ,അദ്ധ്യയനസമയം അപഹരിക്കാതെ പ്രവർത്തനങ്ങൾ ക്രമീകരിക്കണമെന്ന് നിർദ്ദേശം നൽകിയത് അപഹാസ്യമാണെന്ന് അദ്ധ്യാപകർ പറയുന്നു.

ആദ്യദിനം പഠന ബോധന സാമഗ്രികൾ, രണ്ടാം ദിനത്തിൽ അടിസ്ഥാനഭാഷ ഗണിതശേഷികൾ, മൂന്നാം ദിവസം കായികം, നാലാം ദിനത്തിൽ കലാപരിപാടികൾ, അഞ്ചാം ദിനം നൈപുണി വികാസം, ആറാം ദിനം ഇക്കോ ക്ലബ്, അവസാന ദിവസം സാമൂഹിക പങ്കാളിത്തം ഉറപ്പാക്കലും പോഷകസദ്യ ഒരുക്കലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി മാർഗരേഖയും നൽകി.. രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
എസ്.എസ്.കെ. ഫണ്ട് ധൂർത്തടിക്കാനാണ് കുട്ടികളുടെ പഠനം നഷ്ടപ്പെടുത്തിയുള്ള വിദ്യാഭ്യാസ വാരമെന്ന് കെ.പി.എസ്.ടി.എ. ആരോപിച്ചു. വിദ്യാഭ്യാസ ഓഫീസർമാരെ നോക്കുകുത്തിയാക്കി സമാന്തര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്താൻ എസ്.എസ്.കെയെ അനുവദിക്കരുതെന്ന് പ്രസിഡന്റ് കെ. അബ്ദുൾ മജീദും ജനറൽ സെക്രട്ടറി പി.കെ.അരവിന്ദനും ആവശ്യപ്പെട്ടു.