തിരുവനന്തപുരം: വീട്ടിൽ വച്ച് വെടിയേറ്റതിന്റെ ഭീതിയിലാണ് വി.എസ്.ഷിനി. ആരാണ് തന്നെ ആക്രമിച്ചതിന് പിന്നിലെന്നാണ് സ്വകാര്യ ആശുപത്രിയിൽ കാണാനെത്തിയ ബന്ധുക്കളോടും സഹപ്രവർത്തകരോടും ഷിനി ചോദിക്കുന്നത്. ജോലി സ്ഥലത്തും താമസിക്കുന്ന റസിഡന്റ്സ് അസോസിയേഷനിലും ഷിനി സജീവമാണ്. ആക്രമണം വിശ്വസിക്കാനാകുന്നില്ലെന്നാണ് നാട്ടുകാരും സുഹൃത്തുക്കളും ഒരുപോലെ പറയുന്നത്.

എൻ.എച്ച്.എമ്മിൽ പി.ആർ.ഒയായ ഷിനിക്ക് ഐരാണിമുട്ടം, ജഗതി, ഉള്ളൂർ ഹെൽത്ത് സെന്ററുകളുടെ ചുമതലയാണുള്ളത്. എല്ലാവരോടും സൗഹാർദ്ദപരമായാണ് പെരുമാറുന്നതെന്നും ദേഷ്യപ്പെടാറില്ലെന്നും സഹപ്രവർത്തകർ പറയുന്നു. ജോലിസ്ഥലത്ത് വിശേഷദിവസങ്ങളിൽ നടത്താറുള്ള കലാപരിപാടികളിലും സ്ഥിര സാന്നിദ്ധ്യം. തൃശൂർ സ്വദേശിയായ ഷിനി ഭർത്താവിന്റെ നാട്ടിലും എല്ലാവരോടും അടുപ്പമുള്ളയാളായി. റസിഡന്റ്സ് അസോസിയേഷനിലെ ആശുപത്രി സേവനങ്ങൾക്കും ജനകീയാസൂത്രണത്തിന്റെ അപേക്ഷകൾ ആളുകൾക്ക് ലഭ്യമാക്കുന്നതിലും ഉൾപ്പെടെ സജീവമായ ഇടപെടലാണ് ഷിനി നടത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു.

അക്രമിയെത്തിയത് പാരിപ്പള്ളി ഭാഗത്തുനിന്ന്?

അക്രമി എത്തിയത് പാരിപ്പള്ളി ഭാഗത്തുനിന്നാണെന്ന് സംശയം. സംഭവത്തിന് ശേഷം അക്രമി രക്ഷപ്പെട്ട മാരുതി സെലേറിയോ കാറിന്റെ ദൃശ്യങ്ങൾ ഇന്നലെ രാവിലെ പാരിപ്പള്ളിയിലെ സി.സി ടിവിയിൽ നിന്ന് ലഭിച്ചെന്നാണ് വിവരം. എന്നാൽ കാർ തിരിച്ചുപോയ വഴി വ്യക്തമായിട്ടില്ല. പലഭാഗത്തെയും സി.സി ടിവി ദൃശ്യങ്ങളിൽ ഈ നമ്പരുള്ള കാറിന്റെ ദൃശ്യങ്ങളില്ല. സംഭവത്തിനുശേഷം വഴിയിൽ വച്ച് നമ്പർ പ്ലേറ്റ് വീണ്ടും മാറ്റിയാണോ യാത്ര തുടർന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.