തിരുവനന്തപുരം: കേന്ദ്രഏജൻസികൾക്ക് രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് പ്രചരിപ്പിച്ച്, അവയുടെ അന്വേഷണം തടസപ്പെടുത്തുകയാണ് സർക്കാരെന്ന് രാഷ്ട്രപതി വിളിച്ച ഗവർണർമാരുടെ യോഗത്തിൽ ആരിഫ് മുഹമ്മദ്ഖാൻ റിപ്പോർട്ടവതരിപ്പിക്കും.
കേന്ദ്രഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ(ഇ.ഡി) ക്രൈംബ്രാഞ്ച് രണ്ട് കേസെടുത്തതും സാമ്പത്തികതട്ടിപ്പ് കേസുകളിൽ ഫയലുകൾ നൽകാത്തതും ചൂണ്ടിക്കാട്ടും. കോടതി ഉത്തരവ് പ്രകാരമുള്ള അന്വേഷണങ്ങളിൽ കുറ്റപത്രത്തിനും പ്രോസിക്യൂഷനും അനുമതി നൽകാതെ പൂട്ടിടുകയാണെന്നും രാഷ്ട്രപതിയെ അറിയിക്കും.
ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ കേന്ദ്രഏജൻസികളും സംസ്ഥാനവും തമ്മിലുള്ള ഏകോപനത്തെക്കുറിച്ച് ഗവർണർ അവതരിപ്പിക്കുന്ന റിപ്പോർട്ടിലാവും ഈകുറ്റപ്പെടുത്തലുകൾ.
കേരളത്തിന്റെ ചുമതലയുള്ള ഇന്റലിജൻസ്ബ്യൂറോ (ഐ.ബി) ജോയിന്റ്ഡയറക്ടർ ഐ.ബി.റാണിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ സർക്കാരും കേന്ദ്രഏജൻസികളുമായുള്ള ഏറ്റുമുട്ടലിന്റെ വിവരങ്ങൾ ശേഖരിച്ചു. കരുവന്നൂർ കേസിൽ ഇ.ഡി പിടിച്ചെടുത്ത 98 ഫയലുകൾ ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച് ഈ മാസം തിരികെവാങ്ങിയതും ചൂണ്ടിക്കാട്ടും.
കസ്റ്റഡികൊലക്കേസുകളിലടക്കം സി.ബി.ഐയ്ക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നില്ല. ഓരോ കേസിനും സർക്കാരിന്റെ അനുമതി തേടേണ്ട സ്ഥിതിയായതിനാൽ, വിമാനത്താവളങ്ങളിലെ സ്വർണക്കടത്തടക്കം കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതികൾ പോലും അന്വേഷിക്കാനാവുന്നില്ല. ദേശീയപാത നിർമ്മാണത്തിലെ 102 കോടിയുടെ അഴിമതിക്കേസിലും പ്രോസിക്യൂഷൻ അനുമതിയില്ല. 500കോടിയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നത് വീണ്ടുംപരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.
സ്വർണക്കടത്ത് കേസിൽ ഇ.ഡിയുടെ ഗൂഢാലോചന കണ്ടെത്താൻ നിയോഗിച്ച ജുഡിഷ്യൽകമ്മിഷനെ ഹൈക്കോടതി സ്റ്റേചെയ്തിട്ടും കാലാവധി നീട്ടിക്കൊടുക്കുന്നു. മുഖ്യമന്ത്രിയെ പ്രതിയാക്കാൻ ഇ.ഡി ശ്രമിച്ചെന്ന ശബ്ദരേഖയെത്തുടർന്ന് ക്രൈംബ്രാഞ്ച് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരേയെടുത്ത രണ്ട്കേസുകളും ഹൈക്കോടതി റദ്ദാക്കി. ലൈഫ്‌മിഷൻ കേസിലെ ഫയലുകൾ വിളിച്ചുവരുത്തുന്നതിനെതിരേ ഇ.ഡിക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റി നോട്ടീസയച്ചിരുന്നു.
₹83.76ലക്ഷം
ഇ.ഡിക്കെതിരായ ജുഡിഷ്യൽ
അന്വേഷണത്തിന് ചെലവിട്ടത്