കിളിമാനൂർ,വെഞ്ഞാറമൂട്: പിതൃ ബലിതർപ്പണത്തിനൊരുങ്ങി പ്രദേശത്തെ ക്ഷേത്രങ്ങളും ബലിക്കടവുകളും. കുറ്റൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ബലിക്കടവിൽ ആഗസ്റ്റ് 3ന് പുലർച്ചെ 4മുതൽ പിതൃതർപ്പണത്തിനും തിലഹവനത്തിനും സൗകര്യമുണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അഞ്ഞൂറോളം പേർക്ക് ഒരുമിച്ച് ബലിയിടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.നൂറിൽപ്പരം വോളന്റിയർ,ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പ്രത്യേക സൗകര്യം,പൊലീസ്,ഫയർഫോഴ്സ് എന്നിവരുടെ സാന്നിദ്ധ്യം തുടങ്ങിയവ ഒരുക്കിയതായി ക്ഷേത്രം ഉപദേശകസമിതി അറിയിച്ചു.മത്തനാട് ക്ഷേത്രക്കടവ്, ആലിയാട് വിളയ്ക്കാട് മാടൻ നടക്ഷേത്രക്കടവ്,മേലാറ്റുമൂഴി ശ്രീ മഹാവിഷ്ണു ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലും രാവിലെ 3 മുതൽ ബലിതർപ്പണവും തിലഹവനവുമുണ്ടായിരിക്കും.
കിളിമാനൂർ ശ്രീ മഹാദേവേശ്വരം ക്ഷേത്രത്തിലെ കർക്കടകവാവ് ബലിതർപ്പണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരേസമയം മുന്നൂറിലധികം ഭക്തജനങ്ങൾക്ക് ബലിതർപ്പണത്തിനുള്ള വലിയ പന്തൽ സൗകര്യം, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം സൗകര്യം എന്നിവയുണ്ടാകും.ജ്യോതിഷ പണ്ഡിതനും താന്ത്രിക ആചാര്യനുമായ മധുസൂദനശർമ്മ മുഖ്യകാർമ്മികത്വം വഹിക്കും.ആറ്റൂർ വിഷ്ണുക്ഷേത്രം,തേക്കിൻകാട് മഹാദേവ ക്ഷേത്രം,മീൻമുട്ടി ക്ഷേത്രം,മഹാദേവരു പച്ചക്ഷേത്രം,പുല്ലയിൽ ത്രിവേണി സംഗമം എന്നിവിടങ്ങളിലും ബലിതർപ്പണ ഒരുങ്ങൾ പൂർത്തിയായിട്ടുണ്ട്. ബലിതർപ്പണത്തിനായി എത്തുന്നവർ പുഴയുടെ ആഴങ്ങളിൽ ഇറങ്ങരുതെന്നും വോളന്റിയർമാരുടെയും പൊലീസ്,ഫയർഫോഴ്സ് എന്നിവരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.