തിരുവനന്തപുരം: അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയിൽ ത്രീഡിയിൽ വിം വെൻഡർ ഒരുക്കിയ ഡോക്യുമെന്ററി വിസ്മയം 'അൻസലേം", ലോകത്തെ വിവിധ മേളകളിൽ പുരസ്‌കാരവും പ്രേക്ഷകപ്രീതിയും നേടിയ അഞ്ചു ചിത്രങ്ങൾ, മത്സര വിഭാഗത്തിലെ 17 ചിത്രങ്ങൾ എന്നിവയടക്കം 69 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും.

ചിത്രകാരനും ശില്പിയുമായ അൻസലേം കീഫറിന്റെ ജീവിതം അടയാളപ്പെടുത്തുന്ന അൻസലേം 6കെ റെസല്യൂഷനിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കാൻ ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതിനേടിയ ചിത്രം നിള തിയേറ്ററിൽ ഉച്ചകഴിഞ്ഞ് 3നാണ് പ്രദർശിപ്പിക്കുക.

ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ച​ താഴ്ചകളും 21 മാസം നീണ്ട അടിയന്തരാവസ്ഥയും പ്രമേയമാക്കി വിക്രമാദിത്യ മോട്വാനെ ഒരുക്കിയ ഇൻഡ്യാസ് എമർജൻസി, പ്രോമിതാ വോഹ്രയുടെ അൺലിമിറ്റഡ് ഗേൾസ്, പങ്കജ് ഋഷികുമാറിന്റെ കുമാർ ടാക്കീസ്, ആഫ്രിക്കൻ ഷോർട്ട് ഫിക്ഷൻ ദ വെയിറ്റ് തുടങ്ങിയ ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.

രാജേഷ് ജെയിംസിന്റെ ലോംഗ് ഡോക്യുമെന്ററിയായ 'സ്ലേവ്സ് ഒഫ് ദ എംപയർ", ജീവി, പുരുഷന്റെ പര്യായം ചുരുളുകൾ, അഗ്രം തുടങ്ങി 10 മലയാള ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുന്നത്. നിരൂപകനും ഫിലിം സൊസൈറ്റി പ്രവർത്തകനുമായ ചെലവൂർ വേണുവിനോടുള്ള ആദരമായി ജയൻ മാങ്ങാട് സംവിധാനം ചെയ്ത 'ചെലവൂർ വേണു: ജീവിതം, കാലം" എന്ന ചിത്രത്തിന്റെ പ്രദർശനവും ഇന്നുണ്ടാകും.