2

വിഴിഞ്ഞം: വിഴിഞ്ഞത്ത് നാശത്തിന്റെ വക്കിലായ പുരാതന ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ക്ഷേത്രങ്ങൾ സന്ദർശിക്കും. ഏറെ പൈതൃകത്തോടെ കാത്തുസൂക്ഷിക്കേണ്ട പുരാതനകാലത്ത് നിർമ്മിച്ച ക്ഷേത്രങ്ങൾ നാശത്തിലേക്കായതിനെക്കുറിച്ച് 'സംരക്ഷണമില്ലാതെ വിഴിഞ്ഞത്തെ പുരാതന ക്ഷേത്രങ്ങൾ' എന്ന തലക്കെട്ടിൽ കേരള കൗമുദി വാർത്ത നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സാമ്പത്തിക പ്രതിസന്ധിയാണ് പ്രഖ്യാപനം നടപ്പാകാത്തതിനു കാരണമെന്നാണ് ദേവസ്വം ബോർഡ് അധികൃതരുടെ വിശദീകരണം. വികസനകാര്യങ്ങൾക്കായി പ്രാദേശികതല കമ്മിറ്റി രൂപീകരിക്കാനുള്ള ശ്രമവും വിജയം കണ്ടില്ലെന്നു അധികൃതർ പറഞ്ഞു.

 തകർച്ചയിൽ...

വിഴിഞ്ഞം ബീച്ച് റോഡിനു സമീപത്തെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് രണ്ട് വർഷം മുൻപുള്ള മഴയിൽ തകർന്നത്. ക്ഷേത്രത്തിന് മുകളിൽ പടർന്നു കയറിയ ആൽവൃക്ഷം വീണതോടെ ക്ഷേത്രവും നിലം പതിക്കുകയായിരുന്നു. ചന്തയ്ക്കു സമീപത്തെ കുറ്റിക്കാടു നിറഞ്ഞ വളപ്പിലെ ഈ രണ്ട് ക്ഷേത്രങ്ങളിൽ ഒന്ന് തകർന്നു. മറ്റൊന്ന് തകർച്ചയുടെ വക്കിലുമാണ്. ക്ഷേത്രത്തിന്റെ ശേഷിച്ച മതിൽ ഭാഗവും ഏകദേശം തകർന്നു. രണ്ടു ശിലാക്ഷേത്രങ്ങളുടെ ബാക്കിഭാഗങ്ങളുൾപ്പെടെ ഈ വളപ്പ് കുറ്റിക്കാടിനുള്ളിലാണ്.

 ആയ്‌വംശത്തിന്റെ നിർമ്മിതി

ദേവസ്വം ബോർഡിന്റെ വെങ്ങാനൂർ സബ് ഗ്രൂപ്പിൽപ്പെട്ട ക്ഷേത്രങ്ങളായ ഇവ ചോളകാലഘട്ടത്തിൽ പണിത 64-ഓളം ക്ഷേത്രങ്ങളിൽ ഒന്നാണെന്നാണ് കരുതുന്നത്. ആയ് രാജാക്കന്മാരുടെ കാലത്താണ് ഈക്ഷേത്രം നിർമിച്ചതെന്നാണ് രേഖകൾ. ചോള-പാണ്ഡ്യ-ആയ്‌രാജവംശങ്ങളുടെ കാലത്തെ ശില്പകലയുടെ സവിശേഷതകൾ പേറുന്ന നിർമ്മിതികളാണിതെന്ന് പറയുന്നു.