surya

സൂര്യ നായകനായി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ കാർത്തി. ഇതാദ്യമായാണ് സഹോദരൻമാരായ സൂര്യയും കാർത്തിയും ഒരുമിച്ച് അഭിനയിക്കുന്നത്. കങ്കുവയുടെ ക്ളൈമാക്സ് രംഗത്താണ് കാർത്തി പ്രത്യക്ഷപ്പെടുക. കങ്കുവയുടെ രണ്ടാം ഭാഗത്തിൽ കാർത്തിയാണ് പ്രധാനവേഷത്തിൽ എത്തുക. ഒക്ടോബർ 10ന് റിലീസ് ചെയ്യുന്ന കങ്കുവയിൽ രണ്ട് ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. രണ്ട് കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളാണ്. ആയിരം വർഷങ്ങൾക്ക് മുൻപുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായാ ണ് സൂര്യ എത്തുന്നത്. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയൻസ് ഫിക്‌ഷൻ ചിത്രം എന്ന വിശേഷണവുമുണ്ട്. ബോബി ഡിയോളാണ് പ്രതിനായകൻ. ബോളിവുഡ് താരം ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ്. അനിമൽ സിനിമയിൽ ഏറെ ആഘോഷിക്കപ്പെട്ട വില്ലൻ വേഷത്തിന് ശേഷം ബോബി ഡിയോളിന്റെതായി റിലീസിന് എത്തുന്ന ചിത്രംകൂടിയാണ്. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം വെട്രി പളനിസ്വാമി. എഡിറ്റർ നിഷാദ് യൂസഫ്. ദേവിശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം. ശ്രീഗോകുലം മൂവീസാണ് കേരളത്തിൽ വിതരണം . സൂര്യയും കാർത്തിയും ആദ്യമായി ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. അതേസമയം സർദാർ 2 ആണ് ചിത്രീകരണം പുരോഗമിക്കുന്ന കാർത്തി ചിത്രം.